ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം, കത്വയിലെ വനമേഖലയിലും വെടിവെപ്പ്
വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്.
ദില്ലി: ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ തുടർച്ചയായി മൂന്നാം ദിവസവും ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പൂഞ്ചിലും കത്വവയിലുമാണ് ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽപൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്. വൈകിട്ടും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വൈകിട്ട് കത്വയിലും ഏറ്റുമുട്ടലുണ്ടായി. കത്വയിൽ ബനി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
മൂന്നു ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെ കമാൻഡർമാരിൽ ഒരാളെന്നാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് ജമ്മുകശ്മീരിലെ ആദ്യ ഘട്ട വോട്ടിംഗ്. അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 മണ്ഡലങ്ങൾക്കൊപ്പം ചെനാബ് താഴ്‌വരയിലെ ദോഡ, കിഷ്ത്വാർ, റാംബാൻ ജില്ലകളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പുണ്ട്. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്.