മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ ഒന്നിലധികം മേഘവിസ്ഫോടനം. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകി.
മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു. കുളുവിൽ കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടതിന്‍റെ വീഡിയോകളും പുറത്തുവന്നു. മിന്നൽ പ്രളയത്തിനിടെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കുന്നതിനിടെയാണ് മൂന്നുപേര്‍ ഒഴുക്കിൽപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
മണാലി, ബഞ്ജര്‍ മേഖലയിലും മിന്നൽ പ്രളയം കനത്ത നാശം വിതച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനും വെള്ളം കയറി സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുമുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്നും കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണര്‍ അശ്വനി കുമാര്‍ പറഞ്ഞു. മണികരണ്‍ വാലിയിലെ ബ്രഹ്മ ഗംഗയിലും വെള്ളം ഉയര്‍ന്നു. നദിയിൽ വെള്ളം ഉയര്‍ന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി.
രാവിലെ മുതൽ മേഖലയിൽ ശക്തമായ മഴയുണ്ടായിരുന്നുവെന്നും നദികളുടെയും തോടുകളുടെയും അടുത്തേക്ക് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്നും ബഞ്ചര്‍ എംഎൽഎ സുരിന്ദര്‍ ഷൗരി പറഞ്ഞു. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായായതായും റിപ്പോര്‍ട്ടുകളുണ്ട്. തൊഴിലാളികളടക്കമുള്ളവരെയാണ് കാണാതായത്. ധരംശാലക്ക് സമീപം മിന്നൽ പ്രളയത്തെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ ഒഴുക്കിൽപ്പെട്ടതായി സംശയമുണ്ട്.


