ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനത്തെ തുടർന്ന് വൻ നാശനഷ്ടം.
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗംഗോത്രിക്ക് സമീപം ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിന്റെ തീവ്രത വെളിവാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്രാമം പൂർണ്ണമായും ഒലിച്ചുപോയി. മേഘവിസ്ഫോടനത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിരവധി കെട്ടിടങ്ങളും വീടുകളും ഒലിച്ചുപോയി.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ എന്നിവ ഉൾപ്പെടെയുള്ള ഡസൻ കണക്കിന് കെട്ടിടങ്ങളാണ് തകർന്നടിഞ്ഞത്. അപകടവിവരം അറിഞ്ഞയുടൻ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 16 അംഗ ഐ.ടി.ബി.പി. ടീം ഉത്തരാഖണ്ഡിലെ മാറ്റ്ലിയിലെ 12-ാം ബറ്റാലിയനിൽ നിന്ന് ധരാലിയിൽ എത്തിയിട്ടുണ്ട്. സമാനമായ മറ്റൊരു ടീമിനോടും ഉടൻ സ്ഥലത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഡെറാഡൂണിലെ സംസ്ഥാന ദുരന്ത നിവാരണ ഓപ്പറേഷൻസ് സെൻ്ററിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മേഘവിസ്ഫോടനത്തിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായി ഓടുന്നതിൻ്റെയും വലിയ വെള്ളപ്പാച്ചിലിൽ അകപ്പെടുന്നതിൻ്റെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആയിരത്തോളം ആളുകളുള്ള ഗ്രാമമാണ് ധരാലി. ഗംഗോത്രിയിലേക്ക് പോകുന്ന എൻ.എച്ച്-34-ലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമാണിത്. ഗംഗയുടെ പ്രധാന പോഷകനദിയായ ഭാഗീരഥിയുടെ അടുത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നദിയിലേക്ക് ചേരുന്ന നിരവധി നീർച്ചാലുകളും ഗ്രാമത്തിലൂടെ കടന്നുപോകുന്നുണ്ട്.
