യുപിയിലെയും ബിഹാറിലെയും ജനങ്ങളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ബിജെപി ആരോപിച്ചു. യുപിയിലെ ജനങ്ങളെ പ്രിയങ്ക ഗാന്ധി അപമാനിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി. 

ഛണ്ഡീഗഢ്: തെരഞ്ഞെടുപ്പിന് (Punjab Election) ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി (Charanjit singh channi). ഉത്തര്‍പ്രദേശ്, ബിഹാര്‍ (UP, Bihar) എന്നിവിടങ്ങളില്‍ നിന്നുള്ള ഭായ്യമാരെ പഞ്ചാബില്‍ പ്രവേശിപ്പിക്കരുതെന്ന് ചന്നി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ (Priyanka Gandhi) സാന്നിധ്യത്തിലായിരുന്നു ചന്നിയുടെ പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപിയും (BJP) ആംആദ്മിയും (AAP) രംഗത്തെത്തി. യുപിയിലെയും ബിഹാറിലെയും ജനങ്ങളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ബിജെപി ആരോപിച്ചു. യുപിയിലെ ജനങ്ങളെ പ്രിയങ്ക ഗാന്ധി അപമാനിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി (എഎപി) തലവന്‍ അരവിന്ദ് കെജ്രിവാളും ചന്നിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ ലക്ഷ്യം വച്ചുള്ള അഭിപ്രായങ്ങളെ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയും യുപിയില്‍ നിന്ന്് വരുന്നതാണ്. അതുകൊണ്ടുതന്നെ അവരും ഭയ്യയാണ്. - കെജ്രിവാള്‍ പറഞ്ഞു. നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നാല്‍ യുപി കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ചരണ്‍ജിത് സിംഗ് ചന്നിയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ചന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതോടെ പഞ്ചാബിലെ ദളിത് വോട്ടര്‍മാരെ വിജയിപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനത്തിലധികം ദളിതരാണ്. ജാട്ട് സിഖുകാര്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന പഞ്ചാബിലെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ചന്നി. ഇക്കുറി കടുത്ത പോരാട്ടമാണ് പഞ്ചാബില്‍ നടക്കുന്നത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍, ബിജെപി പോരാട്ടമാണ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടി ബിജെപി മുന്നണിയിലാണ്.

ഫെബ്രുവരി 20 ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ എഎപി അധികാരം പിടിച്ചെടുക്കുമെന്നാണ് പല സര്‍വേകളും പ്രവചിച്ചിരുന്നത്. എന്നാല്‍ ചന്നി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായതോടെ മത്സരം കടുക്കും. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം കോണ്‍ഗ്രസ് എങ്ങനെ മറികടക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഭര്‍ത്താവിന്റെ വിജയത്തിനായി കോണ്‍ഗ്രസ് എംപി ബിജെപി വേദിയില്‍


പട്യാല: ഭര്‍ത്താവ് അമരീന്ദര്‍ സിങ്ങിന്റെ (Amarinder singh) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രണീത് കൗര്‍ (Preneet Kaur) ബിജെപി (BJP) വേദിയില്‍. ബിജെപിയുടെ സഖ്യകക്ഷിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് പട്യാല അര്‍ബനില്‍ നിന്ന് അമരീന്ദര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് സ്ഥലം എംപിയായ പ്രണീത് കൗര്‍ പങ്കെടുത്തത്.

കുടുംബാംഗമെന്ന നിലയിലാണ് അമരീന്ദര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയതെന്ന് പ്രണീത് കൗര്‍ വിശദീകരിച്ചു. ഭര്‍ത്താവിനായി പ്രചാരണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് കൗര്‍ വിട്ടുനില്‍ക്കുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ഒന്നുകില്‍ പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും അല്ലെങ്കില്‍ രാജിവെക്കണമെന്നും പട്യാലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഷ്ണു ശര്‍മ പ്രണീത് കൗറിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് എതിര്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണപരിപാടിയില്‍ പ്രണീത് കൗര്‍ പങ്കെടുത്തത്. ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ്. എനിക്ക് എന്റെ കുടുംബമാണ് എല്ലാത്തിനും വലുത്- കൗര്‍ പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കൗറിനെതിരെ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവിനോടുള്ള അഭിപ്രായം വ്യത്യാസം മൂര്‍ച്ഛിച്ചാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. ബിജെപിയുമായി സഖ്യമായിട്ടാണ് ഇത്തവണ മത്സരിക്കുന്നത്.