ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് 19 വ്യാപിച്ചതില്‍ വിദേശയാത്ര വിവരങ്ങള്‍ മറച്ച് വച്ചവരും തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്കും ഒരുപോലെ പങ്കുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍. സംസ്ഥാനത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൌഹാന്‍റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം പത്തംഗ കമ്മിറ്റിയുടെ നിരീക്ഷണത്തിലാണെന്നും ശിവരാജ് സിംഗ് വ്യക്തമാക്കി. 

സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും ചൌഹാന്‍ പറഞ്ഞു. തുടക്കത്തില്‍ വളരെക്കുറിച്ച് രോഗികളുണ്ടായിരുന്നത് വളരെ പെട്ടന്നാണ് എന്നാല്‍ കേസുകളുടെ എണ്ണം കൂടിയത്. ഇത്തരത്തില്‍ പെട്ടന്നുണ്ടായ രോഗബാധയ്ക്ക് തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരും വിദേശയാത്ര വിവരങ്ങള്‍ മറച്ച് വച്ചവരെയുമാണ് ശിവരാജ് സിംഗ് ചൌഹാന്‍ പഴിക്കുന്നത്. നിലവില്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം സജീവമാണ്. 400ഓളം കൊവിഡ് 19 പ്രശ്നബാധിത മേഖലകള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ നിരവധി ആളുകളെ  സ്ക്രീനിംഗ് ചെയ്തു. ഇവരില്‍ 55000 പേരെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

എന്നാല്‍ ക്യാബിനറ്റ് മന്ത്രിമാരില്ലാതെയുള്ള പ്രവര്‍ത്തനം ക്ലേശകരമാണെന്ന് ചൌഹാന്‍ പറയുന്നു. എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ഏകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൌഹാന്‍ പറഞ്ഞു. ക്വാറന്‍റൈനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് കൌണ്‍സിലിംഗ് നല്‍കി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും സജീവമാണെന്ന് ശിവരാജ് സിംഗ് ചൌഹാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.