Asianet News MalayalamAsianet News Malayalam

ചാവേറുകള്‍ ഇന്ത്യയിലേക്ക്? ലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി

ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ദ നാഷണല്‍ തൗഹീത് ജമാ അത്ത് ആണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. 

Coast Guard On Alert To Prevent Attackers From Escaping Lanka
Author
Colombo, First Published Apr 22, 2019, 3:55 PM IST

കൊളംബോ: ശ്രീലങ്കയില്‍ ആക്രമണം നടത്തിയവര്‍ സമുദ്രാതിര്‍ത്തി വഴി രക്ഷപ്പെട്ടേക്കും എന്ന വിവരത്തെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍  കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി. നിരീക്ഷണകപ്പലുകളും ആളില്ലാ വിമാനങ്ങളും സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 290ഓളം പേര്‍ മരിച്ചതിന് പിന്നാലെയാണ് ഇന്ത്യയും ജാഗ്രത ശക്തമാക്കിയത്. സ്ഫോടനത്തിന് ശേഷം ഒളിവില്‍ പോയ ചാവേറുകള്‍ ഇന്ത്യയിലേക്ക് കടന്നിരിക്കാം എന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നീക്കം. 

അതേസമയം സ്ഫോടനം നടന്ന ശ്രീലങ്കയില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ദ നാഷണല്‍ തൗഹീത് ജമാ അത്ത് ആണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പലരേയും ഇതിനോടകം സുരക്ഷാ സേനകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ സ്ഫോടക വസ്തുകള്‍ എത്തിച്ച വാഹനത്തിന്‍റെ ഡ്രൈവറടക്കം 24 പേരെ ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ദക്ഷിണ കൊളംബോയിലെ പാണ്ടുറ എന്ന സ്ഥലത്തെ രഹസ്യതാവളത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്ന ആസൂത്രണത്തിനും തയ്യാറെടുപ്പുകള്‍ക്കും ഒടുവിലാണ് കൊളംബോ സ്ഫോടന പരമ്പരകള്‍ അരങ്ങേറിയതെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. 2.10 കോടി ജനങ്ങളുള്ള ശ്രീലങ്കയില്‍ ആറ് ശതമാനം മാത്രമാണ് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്‍റെ സാന്നിധ്യം. മുന്‍കാലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ക്രൂരമായ മനുഷ്യഹത്യ നടക്കുന്നത് ഇതാദ്യമായാണ്. 

Follow Us:
Download App:
  • android
  • ios