Asianet News MalayalamAsianet News Malayalam

കോയമ്പത്തൂർ സ്ഫോടനം: പൊട്ടിത്തെറിച്ച കാർ 9 തവണ കൈമാറ്റം ചെയ്തത്, അന്വേഷണം ഊർജിതം, 6 സംഘങ്ങളെ നിയോഗിച്ചു

ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇതിന് സമീപത്ത് തന്നെ 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന പൊലീസ് എയ‍്‍ഡ്പോസ്റ്റുണ്ട്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണോ സ്ഫോടനം ഉണ്ടായതെന്ന സംശയവും പൊലീസിനുണ്ട്

Coimbatore blast, Police forms 6 teams for investigation
Author
First Published Oct 24, 2022, 9:43 AM IST

കോയമ്പത്തൂർ: ഉക്കടത്ത് ടൗൺ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാ‍ർ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങൾക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം. സ്ഫോടനം നടന്ന കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തി. സ്ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയിൽ ഒരു പാചകവാതക സിലിണ്ട‍ർ കൂടി കാറിനകത്ത് കണ്ടെത്തി. 

സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുക കൂടി ചെയ്തതോടെ നടന്നത് ചാവേറാക്രമണം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. പൊട്ടാസ്യം നൈട്രേറ്റ്, ചാർകോൾ, സൾഫ‌ർ, അലുമിനിയം പൗഡ‌ർ എന്നിവയാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

തമിഴ‍്‍നാട്ടിൽ ജാഗ്രതാ നി‍ർദേശം, സുരക്ഷ നേരിട്ട് ഏകോപിപ്പിച്ച് ഡിജിപി; കോയമ്പത്തൂരിലേത് ചാവേറാക്രണമെന്ന് സൂചന

സംഭവത്തിന് പിന്നാലെ തമിഴ‍്‍നാട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 6 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ‍്‍നാട് ഡിജിപി സി.ശൈലേന്ദ്രബാബുവും എഡിജിപി താമരൈക്കണ്ണനും കോയമ്പത്തൂരിലെത്തി സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. എഡിജിപി കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുകയാണ്. ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇതിന് സമീപത്ത് തന്നെ 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന പൊലീസ് എയ‍്‍ഡ്പോസ്റ്റുണ്ട്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണോ സ്ഫോടനം ഉണ്ടായതെന്ന സംശയവും പൊലീസിനുണ്ട്. എയ‍്‍ഡ്പോസ്റ്റ് ഒഴിവാക്കാൻ വാഹനം തിരിച്ചപ്പോൾ സ്ഫോടനം നടന്നതാകാമെന്നാണ് നിഗമനം. നഗരത്തിലെ ദീപാവലി ആഘോഷമാണോ ജമേഷ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. ചാവേർ എന്ന് സംശയിക്കുന്ന  ജമേഷ മുബിന്റെ സുഹൃത്തുക്കളെയും ഇയാളുമായി ബന്ധമുള്ളവരേയും കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. 

ഞെട്ടലിൽ നഗരവാസികൾ

പുലർച്ചെ വൻ ശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചപ്പോൾ പ്രദേശവാസികൾ കരുതിയത് സിഎൻജി പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്ന് മാത്രമാണ്. രണ്ടായി പിളർന്ന് കാർ കത്തിയപ്പോൾ, ഓടിയെത്തിയ നാട്ടുകാ‍ർ തന്നെയാണ് വെള്ളം കോരിയൊഴിച്ചും മറ്റും തീയണയ്ക്കാൻ ശ്രമിച്ചത്. എന്നാൽ നേരം പുലർന്ന് പൊലീസെത്തി കാറിനകത്ത് പരിശോധന നടത്തിയതോടെ ചിത്രം മാറി. ഭീകരാക്രമണമായിരുന്നു ലക്ഷ്യം എന്ന സൂചനകൾ ശക്തമായതോട് വലിയ ഞെട്ടലിലായി പ്രദേശവാസികൾ. ഒപ്പം തലനാരിഴയ്ക്ക് വലിയ ദുരന്തം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലും. 

 

Follow Us:
Download App:
  • android
  • ios