ദില്ലി: അതിശൈത്യത്തിൽ തണുത്ത് വിറയ്ക്കുന്ന രാജ്യതലസ്ഥാനത്ത് മൂടല്‍ മഞ്ഞ് അപകടം വിതയ്ക്കുന്നു. 119 വർഷത്തിനിടെയിലെ ഏറ്റവും തണുപ്പുള്ള കാലാവസ്ഥയാണ് ദില്ലിയില്‍. 1901 നു ശേഷം താപനില 9 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. പന്ത്രണ്ട് ദിവസമായി ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുകയാണ്.

കനത്ത മൂടൽ മഞ്ഞ് കാരണം ഗ്രേറ്റര്‍ നോയിഡയിൽ കാർ കനാലിലേയ്ക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചതോടെ ഭീതി നിറഞ്ഞ സാഹചര്യമാണ് ദില്ലിയില്‍. ഇന്നലെ രാത്രി പതിനൊന്നേമുക്കാൽ മണിയോടെയായിരുന്നു അപകടം. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതേത്തുടർന്ന്, യമുന എക്സ്പ്രസ് വേ വഴി പോകുന്ന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.

അതിശൈത്യത്തിൽ തണുത്ത് വിറയ്ക്കുകയാണ് ദില്ലി. ദില്ലി വിമാനത്താവളത്തിന്‍റെ പ്രവർത്തനം തൽക്കാലം നിർത്തിവച്ചിട്ടുമുണ്ട്. റോഡ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ട നിലയിൽത്തന്നെയാണ്. റോഡിൽ പലയിടത്തും മുന്നോട്ട് അൽപം പോലും കാണാനാകാത്ത സ്ഥിതിയാണ്.