കോളേജിലേക്ക് പോകുന്നതിനിടെയാണ് 21 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്...
താനെ (മഹാരാഷ്ട്ര) : കോളേജ് വിദ്യാർത്ഥിയെ ലൈംഗികമായി അപമാനിക്കുകയും ഓട്ടോക്കൊപ്പം വലിച്ചിഴയ്ക്കുകയും ചെയ്ത് ഓട്ടോ ഡ്രൈവർ. ഒക്‌ടോബർ 14 വെള്ളിയാഴ്ച രാവിലെ 6.45 ഓടെ മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോളേജിലേക്ക് പോകുന്നതിനിടെയാണ് 21 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്. ഓട്ടോ ഡ്രൈവർ വിദ്യാർത്ഥിയെ കുറിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു.
യുവതി ഇത് ചോദ്യം ചെയ്തപ്പോൾ അയാൾ അവളുടെ കൈയിൽ പിടിച്ചു വലിച്ചുവെന്ന് സീനിയർ ഇൻസ്‌പെക്ടർ ജയ്‌രാജ് റാണവെരെ പറഞ്ഞു. ഓട്ടോ എടുത്ത് പോകാൻ തുടങ്ങിയിട്ടും ഇവർ പെൺകുട്ടിയുടെ പിടി വിട്ടില്ല. വിദ്യാർത്ഥിയെ ഇയാൾ വാഹനത്തിൽ 500 മീറ്ററോളം വലിച്ചിഴച്ചതായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഇതോടെ വിദ്യാർത്ഥി താഴെ വീണു. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സീനിയർ ഇൻസ്പെക്ടർ പറഞ്ഞു. ഓട്ടോഡ്രൈവർ ഒളിവിലാണെന്നും ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
