കൊല്‍ക്കത്ത: 'മമതാ ബാനര്‍ജി സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസ്സമ്മതിച്ച കോളേജ് പ്രൊഫസറെ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗം മര്‍ദ്ദിച്ചതായി പരാതി. നബഗ്രാം കോളേജ് ക്യാമ്പസിലെ പെണ്‍കുട്ടികളോട് മമതാ ബാനര്‍ജി സിന്ദാബാദ് എന്നു വിളിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷദ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിനാണ് പ്രൊഫസറെ മര്‍ദ്ദിച്ചത്. 

ബംഗാളി അധ്യാപകനായ പ്രൊഫസര്‍ സുബത്ര ചാറ്റര്‍ജിക്കാണ് മര്‍ദ്ദനമേറ്റത്. കോളജില്‍ വിദ്യാര്‍ത്ഥികളും തൃണമൂര്‍ ഛത്ര പരിഷദ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍നിന്നാണ് തുടക്കം. പെണ്‍കുട്ടികളെ തൃണമൂര്‍ ഛത്ര പരിഷദ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. അധ്യാപകര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും പെണ്‍കുട്ടികള്‍ മമതാ ബാനര്‍ജി സിന്ദാബാദ് എന്നു വിളിക്കണമെന്ന് തൃണമൂര്‍ ഛത്ര പരിഷദ് ആവശ്യപ്പെട്ടു.

എന്നാല്‍, പെണ്‍കുട്ടികള്‍ മുദ്രാവാക്യം വിളിക്കാന്‍ തയ്യാറായില്ല. പ്രശ്നത്തില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത്നിന്ന പ്രൊഫസറെ തൃണമൂര്‍ ഛത്ര പരിഷദ് പ്രവര്‍ത്തര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുണ്ടായി. മമതാ ബാനര്‍ജി പ്രൊഫസറെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ പങ്കുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം കൊല്‍ക്കത്തയില്‍ നടന്ന തൃണമൂര്‍ ഛത്ര പരിഷദിന്‍റെ സ്ഥാപക ദിന റാലിയില്‍ മമതാ ബാനര്‍ജി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.