രണ്ട് പേര്‍ ബൈക്കില്‍ എത്തുന്നതും ഒരാള്‍ ഇറങ്ങി യുവതിയെ ബലമായി പിടിച്ച് ബൈക്കിലെ സീറ്റില്‍ ഇരുത്തിയ ശേഷം ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഗ്വാളിയോര്‍: ബസില്‍ നിന്നിറങ്ങി റോഡരികിലെ പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയത്. യുവതിയെ ബലമായി പിടിച്ച് ബൈക്കില്‍ ഇരുത്തി കൊണ്ടുപോവുകയായിരുന്നു.

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മറ്റൊരാള്‍ തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങി യുവതിയെ ബലമായി പിടിച്ച് ബൈക്കിന്റെ സീറ്റില്‍ ഇരുത്തിയ ശേഷം രണ്ടാമനും പിന്നില്‍ കയറുകയും തുടര്‍ന്ന് വാഹനം ഓടിച്ചുപോവുകയും ചെയ്യുന്നു. യുവതി ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല. പെട്രോള്‍ പമ്പില്‍ ജീവനക്കാരനും മറ്റൊരു സ്കൂട്ടറില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയവരും ഉള്‍പ്പെടെ ഏതാനും പേര്‍ തൊട്ടടുത്ത് തന്നെ നോക്കി നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇടപെടാനോ രക്ഷിക്കാനോ ശ്രമിക്കുന്നതുമില്ല.

മദ്ധ്യപ്രദേശിലെ ഭിന്ദ് സ്വദേശിനിയായ 19 വയസുകാരിയാണ് തട്ടിക്കൊണ്ട് പോകലിന് ഇരയായത്. ബി.എ വിദ്യാര്‍ത്ഥിനിയായ യുവതി ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് അവിടെ ബസില്‍ വന്നിറങ്ങിയത്. കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു യുവതി. ബസ് ഇറങ്ങിയ ശേഷം പെട്രോള്‍ പമ്പില്‍ തന്റെ സഹോദരനെ കാത്തു നില്‍ക്കുകയായിരുന്നു. സഹോദരന്‍ എത്തുന്നതിന് മുമ്പാണ് തട്ടിക്കൊണ്ട് പോകല്‍ അരങ്ങേറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് ഏഴു വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്. ഏഴു വര്‍ഷത്തെ കഠിന തടവിന് പുറമെ 50000 രൂപ പിഴയും അടയ്ക്കണം. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. 

ഈവര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വടകര അഴിയൂരില്‍ പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വടകര മേമുണ്ടയിലെ ഗവ. സ്കൂളിലെ അധ്യാപകനായ ലാലുവിനെ (45) ചോമ്പാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ മൊഴിയെടുത്തശേഷം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...