മുൻകൂർ ടിപ്പും തെറ്റിദ്ധരിപ്പിക്കുന്ന രീതികളും വഴി ഉപഭോക്താക്കളെ ചൂഷണം ചെയ്തതിന് റാപ്പിഡോയ്ക്ക് സിസിപിഎ പത്ത് ലക്ഷം രൂപ പിഴ ചുമത്തി. ഓല, യൂബർ തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകൾക്കെതിരെയുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്
ദില്ലി: ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ പിന്തുടരുകയും ചെയ്തെന്ന പരാതിയിൽ പ്രമുഖ റൈഡ് സർവീസ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി സി പി എ) യാണ് റാപ്പിഡോയ്ക്ക് പിഴയിട്ടത്. യാത്ര ബുക്ക് ചെയ്യുന്ന വേളയിൽ മുൻകൂറായി ടിപ്പ് നൽകാൻ നിർബന്ധിക്കുക, അധിക തുക നൽകിയാൽ മാത്രമേ യാത്ര വേഗത്തിൽ ലഭിക്കൂ എന്ന രീതിയിൽ ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കുക, കൂടുതൽ തുക നൽകാൻ പ്രേരിപ്പിക്കുന്ന രീതികൾ ആപ്പിൽ ഉപയോഗിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സി സി പി എയുടെ നടപടി.
റൈഡ് അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന മുൻകൂർ ടിപ്പ് പിരിവും അമിത ചാർജ് ഈടാക്കലും സംബന്ധിച്ച് നടത്തിയ വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഓല, യൂബർ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്കും സി സി പി എ നോട്ടീസ് അയച്ചിരുന്നു. നിലവിൽ യൂബർ, ഓല എന്നീ കമ്പനികൾക്കെതിരെയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
