Asianet News MalayalamAsianet News Malayalam

'അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം തിരിച്ചെത്തണം'; മുന്നറിയിപ്പുമായി കേന്ദ്രം

മസാരി ഷരിഫ് നഗരം പിടിച്ചെടുക്കാനായി താലിബാന്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നഗരത്തിലുള്ള ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാന്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരുന്നു. താലിബാന്‍ ആക്രമണത്തെ തുടര്‍ന്ന് മസാരി ഷരിഫില്‍ നിന്ന് ആയിരങ്ങള്‍ ഒഴിഞ്ഞുപോകുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

come back before flights stop; India urges to citizen they are living in Afghan
Author
New Delhi, First Published Aug 11, 2021, 12:48 PM IST

ദില്ലി: അഫ്ഗാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം തിരിച്ചെത്താനാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാനിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ വഷളാകുകയാണെന്നും എത്രയും പെട്ടെന്ന്, വാണിജ്യ വ്യോമഗതാഗതം നിര്‍ത്തലാക്കും മുമ്പ്  തിരിച്ചെത്തണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. മസാരി ഷരിഫ് നഗരം പിടിച്ചെടുക്കാനായി താലിബാന്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

നഗരത്തിലുള്ള ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാന്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരുന്നു. താലിബാന്‍ ആക്രമണത്തെ തുടര്‍ന്ന് മസാരി ഷരിഫില്‍ നിന്ന് ആയിരങ്ങള്‍ ഒഴിഞ്ഞുപോകുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണിന് ശേഷം മൂന്നാം തവണയാണ് ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളിലും വിദേശ സ്ഥാപനങ്ങളിലുമായി നിരവധി ഇന്ത്യക്കാര്‍ അഫ്ഗാനില്‍ ജോലി ചെയ്യുന്നുണ്ട്.

തൊഴിലാളികളെ സുരക്ഷിതരാക്കാന്‍ ഇന്ത്യന്‍ എംബസി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 1500ഓളം ഇന്ത്യന്‍ പൗരന്മാര്‍ അഫ്ഗാനിലുണ്ടെന്നാണ് കണക്ക്. അഫ്ഗാനിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോടും തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്വാധീനം പിടിമുറുക്കുകയാണ്. രാജ്യത്തിന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബഗ്ലാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുലെ ഖുംരി താലിബാന്‍ പിടിച്ചെടുത്തു. ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്. 

അഫ്ഗാനിസ്ഥാനിലെ ജനാധിപത്യം സംരക്ഷിക്കുന്നതാനായി പ്രാദേശിക മിലിറ്റന്റ് ഗ്രൂപ്പുകളുടെ സഹായം പ്രസിഡന്റ് അശ്‌റഫ് ഗനി തേടിയിരുന്നു. താലിബാനെ തടയണമെന്ന് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു. ഐബാക് മേഖലയില്‍ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ലക്ഷ്യം വെച്ചാണ് താലിബാന്‍ നീങ്ങുന്നത്. പല പ്രവിശ്യകളില്‍ നിന്നും ആളുകള്‍ തലസ്ഥാനമായ കാബൂളിലേക്ക് കുടിയേറി തുടങ്ങി.

ഏകദേശം 60000ത്തോളം കുടുംബങ്ങളാണ് പല പ്രവിശ്യകളില്‍ നിന്നുമായി താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടത്. അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ പിടിമുറുക്കിയത്. ഈ മാസത്തോടെ അമേരിക്കയുടെ പിന്മാറ്റം പൂര്‍ണമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios