Asianet News MalayalamAsianet News Malayalam

'ഞങ്ങൾ 162 പേർ', മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എംഎൽഎമാരുടെ 'പരേഡ്'

''വൈകിട്ട് ഏഴ് മണിക്ക് മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലേക്ക് വരൂ, വന്ന് കാണൂ, ഞങ്ങൾ 162 പേരും അവിടെയുണ്ട്'', എന്ന് ഗവർണറെ ടാഗ് ചെയ്ത് ശിവസേനയുടെ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. 

Come Watch Yourself Sena's Sanjay Raut Tweets Teaser To Governor
Author
Mumbai, First Published Nov 25, 2019, 5:53 PM IST

മുംബൈ: ഒപ്പമുള്ള എല്ലാ എംഎൽഎമാരെയും മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാൻ ഹയാത്തിൽ കൊണ്ടുവന്നിറക്കി ശക്തി പ്രകടനം നടത്തി ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യം. 'എംഎൽഎമാരുടെ പ്രദർശനം' സംഘടിപ്പിക്കുന്നത് വേറെ വഴിയില്ലാഞ്ഞിട്ടാണെന്ന് മഹാ വികാസ് അഖാഡി വ്യക്തമാക്കുന്നു. സർക്കാരുണ്ടാക്കാൻ അവകാശവാദവുമായി ഇന്ന് രാവിലെ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര വികാസ് അഖാഡിയെന്ന സേന - എൻസിപി - കോൺഗ്രസ് സഖ്യത്തിന്‍റെ പുതിയ നീക്കം. 

162 പേർ ഒപ്പമുണ്ടെന്ന് സഖ്യം പറയുന്നു. ''ഞങ്ങൾ ഒന്നാണ്, ഒപ്പമുണ്ട്. ഞങ്ങൾ 162 പേരെയും ഒന്നിച്ച് ആദ്യമായി കാണാൻ വൈകിട്ട് ഏഴ് മണിക്ക് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലേക്ക് വരൂ. നിങ്ങൾ നേരിട്ട് വന്ന് കാണൂ, മഹാരാഷ്ട്ര ഗവർണർ'', എന്ന് ഗവർണറെ ടാഗ് ചെയ്ത് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേരം ഇരുട്ടി വെളുക്കുംമുമ്പ്, എൻസിപി അധ്യക്ഷൻ ശരദ് പവാറിന്‍റെ മരുമകൻ അജിത് പവാറിനെത്തന്നെ മറുകണ്ടം ചാടിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭ രൂപീകരിച്ച ദേവേന്ദ്ര ഫട്‍നവിസിന്‍റെയും ബിജെപിയുടെയും നീക്കം അക്ഷരാർത്ഥത്തിൽ സേന - എൻസിപി - കോൺഗ്രസ് സഖ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതി കയറിയ സഖ്യം, ഇന്ന് രാവിലെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദവും ഉന്നയിച്ചു. അജിത് പവാറിനൊപ്പം പോയ ഓരോ എംഎൽഎമാരെയും ചാടിച്ച് തിരികെ കൊണ്ടുവന്നാണ് ശരദ് പവാർ തിരിച്ചടിച്ചത്. 

എല്ലാ എംഎൽഎമാരെയും മുംബൈയിലെ ഓരോ പഞ്ച നക്ഷത്ര ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ് മൂന്ന് പാർട്ടികളും. ശിവസേന സ്വതന്ത്രരടക്കം 63 പേരുടെ ഒപ്പുകളാണ് സമർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് 44, എൻസിപി 51. രണ്ട് പേരുള്ള സമാജ്‍വാദി പാർട്ടിയും ഒപ്പു വച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്രർ കൂടി ചേർന്നാൽ 162 ആയി. 

35 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട അജിത് പവാറിന് അത്രയും പിന്തുണയില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നതാണ്. ഇപ്പോൾ രണ്ട് പേർ മാത്രമാണ് അജിത് പവാറിനെക്കൂടാതെ ബിജെപി സഖ്യത്തിനൊപ്പം എൻസിപിയിൽ നിന്നുള്ളതെന്നാണ് വ്യക്തമാകുന്നത്. 

സർക്കാർ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി സഖ്യം നൽകിയ ഹർജിയിൽ നാളെ രാവിലെ പത്തരയ്ക്ക് സുപ്രീംകോടതി വിധി പറയും. വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണമെന്നും സുപ്രീംകോടതി തീരുമാനിക്കും.

ഒപ്പം 170 എംഎൽഎമാരുണ്ടെന്നാണ് ബിജെപി സുപ്രീംകോടതിയിൽ അവകാശപ്പെട്ടത്. ഇതിൽ എൻസിപിയിൽ നിന്നുള്ള 54 പേരുമുണ്ട്. അതേസമയം, എൻസിപി - കോൺഗ്രസ് - സേന സഖ്യവും 154 എംഎൽഎമാർ ഒപ്പമുണ്ടെന്ന് കാട്ടി ഇവരുടെ ഒപ്പടക്കമുള്ള കത്ത് നൽകി. ചില എംഎൽഎമാർ തിരിച്ചെത്താൻ വൈകിയതിനാൽ ഒപ്പ് ശേഖരിക്കാനായില്ലെന്നാണ് എൻസിപി കോടതിയെ അറിയിച്ചത്. 

അജിത് പവാർ മാത്രമാണ് മറുവശത്തുള്ളതെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയത്. എന്നാൽ എൻസിപി ഗവർണർക്ക് നൽകിയ കത്തിൽ അജിത് പവാർ, അന്ന ബൻസോദ്, നർഹരി സിർവാൾ എന്നിവരുടെ ഒപ്പില്ല. 

Follow Us:
Download App:
  • android
  • ios