വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ വീണ്ടും കുറവ് വരുത്തി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.
ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്ന് എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 200 രൂപയിലധികം കുറവാണ് വരുത്തിയിരിക്കുന്നത്. പുതിയ വില ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 202 രൂപ കുറഞ്ഞ് സിലിണ്ടറിന് 1,522 രൂപയായി. കൊൽക്കത്തയിൽ 209 രൂപയുടെ കുറവോടെ പുതിയ വില 1,636 രൂപയിലെത്തി. മുംബൈയിൽ 1,482 രൂപയും ചെന്നൈയിൽ 1,695 രൂപയുമാണ് വാണിജ്യ സിലിണ്ടറുകളുടെ പുതിയ വില.
ഗാർഹിക സിലിണ്ടറുകൾക്ക് മാറ്റമില്ല
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോയുടെ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഡൽഹിയിൽ 903 രൂപയും മുംബൈയിൽ 902.50 രൂപയുമാണ് നിലവിലെ വില. കൊൽക്കത്തയിൽ 929 രൂപയും ചെന്നൈയിൽ 918.50 രൂപയും ഗാർഹിക സിലിണ്ടറിനായി നൽകണം. കഴിഞ്ഞ ഓഗസ്റ്റ് 30-ന് കേന്ദ്ര സർക്കാർ എല്ലാ ഉപഭോക്താക്കൾക്കുമായി ഗാർഹിക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചിരുന്നു. ഈ വിലയാണ് ഇപ്പോഴും തുടരുന്നത്. അതിനുശേഷം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
തുടർച്ചയായ വിലയിടിവ്
വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത് ഇത് തുടർച്ചയായ മൂന്നാം മാസമാണ്. സെപ്റ്റംബർ 1-ന് 158 രൂപയും ഓഗസ്റ്റ് 1-ന് 99.75 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് കുറച്ചിരുന്നു. ഹോട്ടലുകൾ, ചായക്കടകൾ തുടങ്ങിയ ചെറുകിട സംരംഭകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ വിലക്കുറവ്.


