ആശങ്കകൾക്കിടയിൽ പ്രതീക്ഷയുടെ നല്ല മാതൃക കാണിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഹിന്ദു ഭൂരിപക്ഷ ഗ്രാമം. പള്ളികളിൽ നിന്ന് ഉച്ച ഭാഷിണികൾ നീക്കം ചെയ്യരുതെന്ന് ഐക്യകണ്ഠേനെ പ്രമേയം പാസാക്കിയിരിക്കുകയാണ് ധസ്ല പിർവാഡി ഗ്രാമം - ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ ശ്രീനാഥ് ചന്ദ്രൻറെ റിപ്പോർട്ട്
മുംബൈ: വർഗീയതയുടെ രാഷ്ട്രീയത്തിൽ തിളച്ച് മറിയുകയാണ് മഹാരാഷ്ട്ര (Maharashtra). മുസ്ലീംപള്ളികളിലെ ഉച്ചഭാഷികൾ നിരോധിക്കണമെന്ന് എംഎൻഎസ് തലവൻ രാജ് താക്കറെ. പിന്തുണച്ച് ബിജെപി (BJP). വീണ്ടും വർഗീയ സംഘർഷങ്ങളിലേക്ക് സംസ്ഥാനം നീങ്ങുമോ എന്ന് ഭയക്കുകയാണ് ജനം. ആശങ്കകൾക്കിടയിൽ പ്രതീക്ഷയുടെ നല്ല മാതൃക കാണിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഹിന്ദു ഭൂരിപക്ഷ ഗ്രാമം. പള്ളികളിൽ നിന്ന് ഉച്ച ഭാഷിണികൾ നീക്കം ചെയ്യരുതെന്ന് ഐക്യകണ്ഠേനെ പ്രമേയം പാസാക്കിയിരിക്കുകയാണ് ധസ്ല പിർവാഡി ഗ്രാമം.
ബാങ്കുവിളികൊണ്ട് ഗ്രാമത്തിൽ ആർക്കും ബുദ്ധിമുട്ടില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. മറാത്താവാഡ മേഖലയിലെ ജൽന ജില്ലയിലാണ് ധസ്ല പിർവാഡിഗ്രാമം. ഏകദേശം 600 മുസ്ലിങ്ങൾ ഉൾപ്പെടെ 2,500-ഓളം പേരാണ് ഗ്രാമത്തിലുള്ളത്. കഴിഞ്ഞ ആഴ്ച പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ചാണ് ഗ്രാമസഭ സംഘടിപ്പിക്കുകയും പള്ളിയിൽനിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യരുതെന്ന പ്രമേയം പാസാക്കുകയും ചെയ്തത്. പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ സന്നിഹിതരായി.
ഗ്രാമീണർ പല ജാതിയിൽ പെട്ടവരാണ്. വർഷങ്ങളായി സമാധാനത്തിലും ഐക്യത്തിലുമാണ് ജീവിക്കുന്നത്.പുതിയ വിവാദം ആ ബന്ധങ്ങളെയും പാരമ്പര്യങ്ങളെയും ബാധിക്കരുതെന്ന് തീരുമാനിച്ചാണ് പ്രമേയം പാസാക്കിയതെന്ന് ഗ്രാമ സർപഞ്ച് രാം പാട്ടീൽ പറഞ്ഞു.ബാങ്ക് വിളികേട്ടാണ് ഗ്രാമീണർ രാവിലെ ജോലിക്ക് പോവുന്നത്. വൈകീട്ട് ജോലി നിർത്തുന്നതും ബാങ്ക് വിളി കേട്ടാണ്. അങ്ങനെ ബാങ്ക് വിളി നാട്ടുകാരുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നും മതപരമായ കണ്ണിലൂടെയല്ല കാര്യങ്ങളെ നാട്ടുകാർ നോക്കിക്കാണുന്നതെന്നും പ്രമേയത്തിൽ പറയുന്നു.
ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കാമെന്ന് പള്ളിയിലെ മൗലവി സാഹിർ ബേഗ് മിർസ ഗ്രാമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതിന്‍റെ ആവശ്യമില്ലെന്നായിരുന്നു ഗ്രാമത്തിന്‍റെ പൊതുവികാരം. ഗ്രാമത്തിലെ മഹാദേവ ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിന്‍റെ കൊടി ഉയർത്താൻ ഗ്രാമവാസികൾ നിശ്ചയിച്ചത് ഒരു മുസ്ലിം യുവാവിനെയാണ്. അങ്ങനെ മതസൗഹാർദ്ദത്തിന്‍റെ നല്ല രാഷ്ട്രീയം കാണിച്ച് തരികയാണ് ഈ മാതൃകാ ഗ്രാമം.
