Asianet News MalayalamAsianet News Malayalam

പ്രതിഷേധച്ചൂടില്‍ ലഖിംപൂർ; ഉപരോധവുമായി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

communist party  student organizations protest against Lakhimpur violence
Author
Delhi, First Published Oct 4, 2021, 2:51 PM IST

ദില്ലി: ഉത്തർപ്രദേശിലെ ലഖിംപുർ (lakhimpur) ഖേരിയിലെ സംഘർഷത്തിനിടെ നാല് കർഷകർ (farmers) മരിച്ച സംഭവത്തിനെതിരെ യുപി ഭവന് മുന്നിൽ വീണ്ടും പ്രതിഷേധം.  ഉപരോധവുമായി ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ രംഗത്തെത്തി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കര്‍ഷകരുടെ മരണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് യുപി പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

യു പി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കൃഷ്ണപ്രസാദിനെ പൊലീസ് മർദ്ദിച്ച് വാഹനത്തിനുള്ളിൽ കയറ്റി. പൊലീസ് വാഹനത്തിൽ നിന്ന് വീണ കൃഷ്ണപ്രസാദിനെ പൊലീസ് വീണ്ടും  മർദ്ദിച്ചു. യു പി ഭവന് മുന്നിൽപ്രതിഷേധിച്ചു നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തിൻ്റെ ഭാഗമായി ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ കേന്ദ്രങ്ങൾ കർഷകർ ഉപരോധിച്ചു. ഹരിയാനയിലെ അംബാല, ദില്ലി ഗാസിപ്പൂർ, യുപിയിൽ ഭാഗ് പഥ് അടക്കം ഇടങ്ങളിൽ ദേശീയ പാത ഉപരോധിച്ചു. ദില്ലിയിലും വ്യാപക പ്രതിഷേധം നടക്കുകയാണ്.

അതേസമയം, സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രയുടെ മകനുൾപ്പടെ 14 പേർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഹൈക്കോടതി മുൻ ജഡ്ജിയുടെ നേത്യത്ത്വത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലഖിംപുർ ഖേരിയിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയേയും അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഖിംപുർ ഖേരിയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പരിക്കേറ്റ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി ഇന്ന് മരിച്ചു. പകർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാല് പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് കുമാർ മിശ്ര ഉൾപ്പടെ പതിനാലു പേർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. ഹൈക്കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടക്കും.

സംഘർഷ സാധ്യത കണക്കിലെടുത്ത് നാല് കമ്പനി കേന്ദ്രസേനയെ ലഖിംപൂർ ഖേരിയിൽ വിന്യസിച്ചു. മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പ്രിയങ്ക ഗാന്ധി ലഖിംപുർ ഖേരയിലെത്താൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. ആദ്യം ലക്നൗവിലും പിന്നീട് ലഖിംപുർ ഖേരിക്കടുത്തെ സിതാപുരിലും പ്രിയങ്കയെ തടഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ സിതാപുർ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോയി. ഗസ്റ്റ്ഹൗസ് പ്രിയങ്ക തൂത്തുവാരുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഭുപീന്ദർ സിംഗ് ഹൂഡ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവരെയും കസ്റ്റഡിയിലെടുത്തു.

ലക്നൗവിൽ പൊലീസ് ബാരിക്കേഡ് മറികടന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പുറത്തേക്ക് വന്നത് സംഘർഷത്തിനിടയാക്കി. എസ്പി പ്രവർത്തകർ ഒരു പൊലീസ് ജീപ്പ് കത്തിച്ചു. അഖിലേഷ് യാദവിനെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണ്. സ്ഥിതി സാധാരണനിലയിൽ ആകാതെ രാഷ്ട്രീയനേതാക്കളെ ലഖിംപുർ ഖേരിയിൽ എത്താൻ അനുവദിക്കില്ല എന്നാണ് പൊലീസ് വിശദീകരണം.പഞ്ചാബ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർക്ക് ലക്നൗവിലെത്താൻ അനുമതി നൽകിയില്ല.  കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മകനെ വധിക്കാനുള്ള ഗുഡാലോചനയാണ് നടന്നതെന്ന് കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ അജയ് മിശ്രയും പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios