ഏപ്രിൽ 14ന് ബൈശാഖി ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ മദ്യപിച്ച് തഖ്ത് ദംദാമ സാഹിബിൽ പ്രവേശിച്ചുവെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) ആരോപിച്ച് രംഗത്തെത്തിയിരുന്നു
ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി. ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയാണ് ഭഗവന്ത് മാൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പൊലീസിൽ പരാതി നൽകിയത്. തന്റെ പരാതിയിൽ നടപടിയെടുക്കാൻ അദ്ദേഹം പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറലിനോട് അഭ്യർത്ഥിച്ചു. പരാതിയുടെ സ്ക്രീൻഷോട്ട് ബിജെപി നേതാവ് ട്വിറ്ററിൽ ഷെയർ ചെയ്തു.
ഏപ്രിൽ 14ന് ബൈശാഖി ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ മദ്യപിച്ച് തഖ്ത് ദംദാമ സാഹിബിൽ പ്രവേശിച്ചുവെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) ആരോപിച്ച് രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ബിജെപി നേതാവിന്റെ പരാതി.
പഞ്ചാബിലെ എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി; തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ ആംആദ്മി സര്‍ക്കാര്‍
സംസ്ഥാനത്തെ എല്ലാ വീടുകൾക്കും ഓരോ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ (Bhagwant Mann). ജൂലൈ 1 മുതൽ പഞ്ചാബിലെ എല്ലാ വീടുകൾക്കും ഓരോ മാസവും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ഭരണം ഏറ്റെടുത്ത് ഒരു മാസത്തിനു ശേഷമാണ് ഭഗവന്തിന്റെ പ്രഖ്യാപനം. പഞ്ചാബിലെ (Punjab) ജനങ്ങള്‍ക്ക് ഗുണമുള്ള ചില വാർത്തകൾ ഏപ്രില്‍ 16ന് നല്‍കുമെന്ന് ജലന്ധറില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലവിൽ പട്ടികജാതിക്കാർ, പിന്നോക്കക്കാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവർക്ക് മാസം തോറും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്നുണ്ട്. വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്നും കർഷകർക്ക് സൗജന്യ വൈദ്യുതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുക എന്നത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. സംസ്ഥാനത്തെ എല്ലാ വീടുകൾക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. മറ്റ് രാഷ്ട്രീയ പാർട്ടികളെപ്പോലെ തെറ്റായ വാഗ്ദാനങ്ങൾ നൽകാറില്ലെന്നും പറഞ്ഞു.
