Asianet News MalayalamAsianet News Malayalam

പൂമ്പുഹാറിൽ മത്സ്യത്തൊഴിലാളികളെ ഊരുവിലക്കിയെന്ന് പരാതി; ഒരു കൊല്ലത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കാൻ വിലക്ക്

തീരദേശ പട്ടണമായ പൂമ്പുഹാറിൽ രണ്ടുവിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിൽ നേരത്തേ തന്നെ നിലനിന്ന തർക്കമാണ് ഊരുവിലക്കിലേക്കെത്തിയത്. 

Complaint that fishermen were prohibited from Poompuhar
Author
Poompuhar, First Published May 17, 2022, 10:28 AM IST

ചെന്നൈ: തമിഴ്നാട്ടിലെ പൂമ്പുഹാറിൽ  (Poompuhar) മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഊരുവിലക്കിയെന്ന് പരാതി. ഇരുവിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഏഴ് കുടുംബങ്ങൾ ഒരു വർഷത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കരുതെന്നാണ് നാട്ടുക്കൂട്ടത്തിന്‍റെ വിലക്ക്. ഊരുവിലക്കിന് ഇരയായവർ മൈലാടുതുറൈ കളക്ടറേറ്റിന് മുന്നിൽ സമരം തുടങ്ങി. തീരദേശ പട്ടണമായ പൂമ്പുഹാറിൽ രണ്ടുവിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിൽ നേരത്തേ തന്നെ നിലനിന്ന തർക്കമാണ് ഊരുവിലക്കിലേക്കെത്തിയത്.

മോട്ടോർ ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും ഉപയോഗിക്കുന്ന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ രണ്ട് വിഭാഗത്തിലേയും ചില തൊഴിലാളികൾ റിമാൻഡിലായി. ഇതിനിടെ കലഹത്തിലിടപെട്ട തമിഴ്വാണൻ എന്ന യുവാവ് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊവിഡ് പിടിപെട്ട് മരിച്ചു. മരണത്തിന് ഉത്തരവാദികൾ എന്നാരോപിച്ചാണ് ഏഴ് കുടുംബങ്ങളെ നാട്ടുക്കൂട്ടം ഊരുവിലക്കിയത്. ഒരു വ‍ർഷം ഗ്രാമത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും 40 ലക്ഷം രൂപ നാട്ടുക്കൂട്ടത്തിൽ പിഴയൊടുക്കണമെന്നുമാണ് നിർദേശം.

ഇവരുമായി ആരും സഹകരിക്കരുതെന്നും പൊതുജലശ്രോതസുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമെല്ലാം നാട്ടുക്കൂട്ടം കൽപ്പിക്കുകയും ചെയ്തു. കുട്ടികളുമായി ഗ്രാമം വിട്ടിറങ്ങിയ ഏഴ് കുടുംബങ്ങളും തരംഗംപാടിയിലേയും കാരക്കലിലേയും ബന്ധുവീടുകളിലാണ് ഇപ്പോൾ താമസം. ഊരുവിലക്കിന് ഇരയായവർ മയിലാടുതുറൈ കളക്ടറേറ്റിന് മുന്നിൽ സമരം തുടങ്ങി. സീർകാഴി റവന്യൂ കമ്മീഷണറുടെ മധ്യസ്ഥതയിൽ നാലുവട്ടം ചർച്ച നടന്നെങ്കിലും നാട്ടുക്കൂട്ടം വഴങ്ങിയില്ല. ഇതേത്തുടർന്നാണ് കളക്ടറേറ്റിൽ സമരവുമായെത്തിയത്.

Follow Us:
Download App:
  • android
  • ios