റായ്പുര്‍ കൂടാതെ ജാഷ്പുര്‍, ബലോദ ബസാര്‍, ജഞ്ച്ഗിര്‍-ചമ്പ, ദുര്‍ഗ്, ഭിലായ്, ദംതാരി, ബിലാസ്പുര്‍ എന്നീ ജില്ലകളിലും സെപ്റ്റംബര്‍ 28 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

റായ്പുര്‍: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഛത്തീസ്​ഗണ്ഡിന്റെ തലസ്ഥാനമായ റായ്പൂർ ഉൾപ്പെടെയുള്ള പത്ത് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് ലോക്ക്ഡൗൺ. റായ്പൂരിൽ ദിനംപ്രതി 900ത്തിനും 1000ത്തിനും ഇടയിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. റായ്പൂർ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

റായ്പുര്‍ കൂടാതെ ജാഷ്പുര്‍, ബലോദ ബസാര്‍, ജഞ്ച്ഗിര്‍-ചമ്പ, ദുര്‍ഗ്, ഭിലായ്, ദംതാരി, ബിലാസ്പുര്‍ എന്നീ ജില്ലകളിലും സെപ്റ്റംബര്‍ 28 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുള്ള ജില്ലയാണ് റായ്പൂർ. ഇവിടെ ഇതുവരെ 2600 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ല മൊത്തമായി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജില്ലാ അതിര്‍ത്തികള്‍ ഈ കാലയളവിലേക്ക് അടച്ചിടുമെന്നും ജില്ലാ കളക്ടര്‍ എസ് ഭാരതി ദാസന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. 

ഇതിനെ തുടർന്ന് എല്ലാ കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും. കോവിഡ് പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സേവനത്തില്‍ തുടരണം. പൊതുയോഗമോ റാലിയോ അനുവദിക്കുന്നതല്ല. പലചരക്കു കടകളുള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും വീടുകളില്‍ മരുന്നെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 

രാവിലെ ആറ് മുതല്‍ എട്ട് മണി വരെയും വൈകീട്ട് അഞ്ച് മുതല്‍ ആറര മണിവരെയും പാല്‍വില്‍പനകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര സര്‍വീസ് നടത്തുന്ന സ്വകാര്യവാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാത്രം പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭ്യമാവും. ഗ്യാസ് സിലിണ്ടറുകള്‍ക്കുള്ള ഓഡര്‍ ഫോണ്‍ വഴി സ്വീകരിക്കാനും അവ വീടുകളിലെത്തിക്കാനും വിതരണക്കാര്‍ക്ക് അനുവാദമുണ്ട്. 

അവശ്യസേവനങ്ങളായ ആരോഗ്യം, വൈദ്യുതി, ജലവിതരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ജില്ലാതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡില്‍ ഇതുവരെ കോവിഡ് രോഗികളുടെ എണ്ണം 86,183 ഉം മരിച്ചവരുടെ എണ്ണം 677 ഉം ആണ്. നിലവില്‍ 37,853 സജീവ രോഗികള്‍ സംസ്ഥാനത്തുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.