ഹൈദരാബാദ്: ഹിന്ദു രാഷ്ട്രമെന്ന ആശയം ഹിന്ദു ആധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ ഹിന്ദു രാഷ്ട്ര പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. 

ഭാരതം ഹിന്ദു രാഷ്ട്രമാണെന്ന വീക്ഷണത്തില്‍ ആര്‍എസ്എസ് ഉറച്ചുനില്‍ക്കുകയാണെന്നായിരുന്നു മോഹന്‍ ഭഗവതിന്‍റെ പ്രസ്താവന. ഇതിനെതിരെയാണ് ഒവൈസി ട്വീറ്റ് ചെയ്തത്. ഹിന്ദു രാഷ്ട്രമെന്നാല്‍ ഹിന്ദു ആധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദു അല്ലാത്ത ആളുകളെ അടിച്ചമര്‍ത്തുകയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള  അനുവാദം മാത്രം നല്‍കുകയാണെന്നും ഹിന്ദു രാഷ്ട്രമെന്നത് അരക്ഷിതാവസ്ഥയില്‍ നിന്നുണ്ടായ ഭാവനാലോകമാണെന്നും ഒവൈസി ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ ഹിന്ദുരാഷ്ട്രമെന്നത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരല്ലെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും വിജയദശമി ദിനത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.