ദില്ലി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ആരോഗ്യ ഐഡി കാര്‍ഡ് വിവര ചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന ആശങ്ക ഉയരുന്നു. പദ്ധതി നടത്തിപ്പില്‍ സ്വകാര്യ ഏജന്‍സികളെ  കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. 

ഓരോ പൗരനും ആരോഗ്യ ഐഡി കാര്‍ഡ്. കാർഡു‍ഡമയുടെ വ്യക്തി വിവരങ്ങള്‍ ഡേറ്റാ ബേസായി സൂക്ഷിക്കും. രോഗനിര്‍ണ്ണയം, പരിശോധന, കഴിക്കേണ്ട മരുന്നുകള്‍ അടക്കമുള്ള വിവരങ്ങള്‍ തത്സമയം ഡേറ്റാ ബേസിലെത്തും. ആറ് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയില്‍ സ്വകാര്യമേഖലയേയും ഉള്‍പ്പെടുത്താനാണ് നീക്കം. 

ടെലി മെഡിസന്‍, ഇ-ഫാര്‍മസി തുടങ്ങിയ വിഭാഗങ്ങളാവും  സ്വകാര്യ മേഖലക്ക് കൈമാറുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ തിരിച്ചറിയല്‍ കാർഡിലെ വിവരങ്ങള്‍  സ്വകാര്യമേഖലക്കും ലഭ്യമാകും. നിലവില്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ പാര്‍ലെമെമന്‍റിന്റെ പരിഗണനയിലാണ്.

ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്‍റ് സമിതിക്ക് മുന്‍പാകെ ഇരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ  പ്രഖ്യാപനം. അതിനാല്‍ വിഷയം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം  ആവശ്യപ്പെടുന്നു. അതേസമയം ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആദ്യഘട്ടം ആരോഗ്യ ഐഡി സകാര്ഡ് വിതരണം ചെയ്യാനാണ് ആലോചിക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.