ദില്ലി: ചൈനയുമായുള്ള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് രാജ്യത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോര് മുറുകുന്നു. ബിജെപിയാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ചൈന ബന്ധം പുലർത്തിയതെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.

നരേന്ദ്ര മോദിയെ പോലെ ചൈനയുമായി ബന്ധം പുലർത്തിയ പ്രാധാനമന്ത്രി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. ആറ് വർഷത്തിനിടയിൽ 18 തവണ ചൈനയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ബിജെപി അധ്യക്ഷന്മാരും ചൈന സന്ദർശനം നടത്തി. 2007ലും 2008 ലും രാജ്‌നാഥ് സിംഗും , 2011 ൽ നിതിൻ ഗഡ്കരിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ക്ഷണം സ്വീകരിച്ച് ചൈന സന്ദർശിച്ചു.

ബിജെപി എംപിമാരുടെ സംഘത്തെ 2014 ൽ അമിത് ഷാ ചൈനയിലേക്ക് അയച്ചു. 2009 ൽ ആർഎസ്എസും സന്ദർശനം നടത്തി. ബിജെപി യെ പോലെ ചൈന സന്ദർശിച്ച പാർട്ടി വേറെ ഉണ്ടാവില്ല. ചൈനയുടെ പേര് എടുത്ത് പറയാൻ പ്രധാനമന്ത്രി ഇതു വരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.