മുംബൈ: സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഒന്ന് ബിജെപി മഹാരാഷ്ട്ര ഘടകം ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. ബിജെപിയുടെ ഔദ്യോഗിക ആശയവിനിമയത്തിനാണ് നിരോധിത ചൈനീസ് ആപ് കാം സ്‌കാനര്‍ ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. ഒബിസി മോര്‍ച്ച ഭാരവാഹി പട്ടിക തിങ്കളാഴ്ച ബിജെപി പുറത്തുവിട്ടിരുന്നു. പട്ടിക കാം സ്‌കാന്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന് സച്ചിന്‍ സാവന്ത് ആരോപിച്ചു. ബിജെപിയുടെ വ്യാജ ദേശീയതുടെ തെളിവാണ് നിരോധിത ആപ്പ് ഉപയോഗിക്കുന്നതെന്നും  സാവന്ത് കുറ്റപ്പെടുത്തി. 

നിരോധിത ആപ് ബിജെപി ഉപയോഗിക്കുന്നത് നാണക്കേടാണ്. ബിജെപി ചൈനയെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണിത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പുകമറ സൃഷ്ടിക്കാനുമാണ് മോദി സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിരോധിത ചൈനീസ് ആപ് ഉപയോഗിച്ചിട്ടില്ലെന്നും പിഡിഎഫ് കോപ്പികള്‍ ഫോര്‍വേഡ് ചെയ്യുകയായിരുന്നെന്നും ബിജെപി വക്താവ് കേശവ് ഉപാധ്യായെ പറഞ്ഞു.