ദില്ലി: ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്കുനേരെ വെടിവെപ്പുണ്ടായ വിഷയത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്.  കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന് വേണ്ടിയിരുന്നത് ഇതാണോയെന്നാണ് കോണ്‍ഗ്രസ് ചോദിച്ചത്. ഏത് തരത്തിലുള്ള പൊലീസ് സംവിധാനമാണ് അമിത് ഷാ മുന്നോട്ട് കൊണ്ട് പോകുന്നത്? സമാധാനപരാമയി സമരം ചെയ്യുന്നവര്‍ക്കെതിരെ ഒരാള്‍ വെടിയുതിര്‍ക്കുമ്പോള്‍ ദില്ലി പൊലീസ് അലസമായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നേരത്തെ, രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ദില്ലിയിലെ പ്രചാരണ  യോഗത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം. . രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. 'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു.

മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ ആഹ്വാനം. വിഷയത്തില്‍ നടപടിയെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുരാഗ് താക്കൂറിനെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഉത്തരവിട്ടു. കൂടാതെ, താക്കൂറിന് 72 മണിക്കൂര്‍ പ്രചാരണവിലക്കും ഏര്‍പ്പെടുത്തി.

പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ജാമിയ മിലിയ സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. മാര്‍ച്ച് തടയാനായി പൊലീസ് ബാരിക്കേഡുകള്‍ നിരത്തി കാത്തിരുന്നിടത്ത് വച്ചാണ് രാംഭക്ത് എന്ന വ്യക്തി വെടിയുതിര്‍ത്ത്.