ദില്ലി: ബോളിവുഡ് താരം ദീപിക പദുക്കോണിന്‍റെ ജെഎന്‍യു സന്ദര്‍ശനത്തെ വിമര്‍ശിച്ച ബിജെപിക്കെതിരെ കോണ്‍ഗ്രസ്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രചാരണത്തിനായാണ് ദിപീക ജെഎന്‍യുവില്‍ എത്തിയതെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു. പ്രചാരണ പരിപാടികളുടെ ഭാഗമായി ദീപിക ആര്‍എസ്എസ് ആസ്ഥാനത്താണോ സന്ദ‍ര്‍ശനം നടത്തേണ്ടതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

'ഇത്രേയുള്ളൂ നമ്മുടെ സര്‍ക്കാര്‍. ഒരു നടി പ്രതിഷേധത്തെ പിന്തുണയ്ക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ട്വീറ്റ് ചെയ്യുന്ന, സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണങ്ങള്‍ നടത്തുന്ന, സിനിമകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന, അവരുടെ പ്രതിഷേധത്തെ സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി കാണുന്ന നിലയിലേക്ക് സര്‍ക്കാര്‍ അധ:പതിച്ചോ? അവര്‍ എങ്ങോട്ടാണ് പോകേണ്ടത്  നാഗ്പൂരിലെ സംഘ് മുഖ്യാലയയിലേക്കോ (ആര്‍എസ്എസ് ആസ്ഥാനം)?'-  കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഖേരയുടെ വിമര്‍ശനം. 

പ്രധാനമന്ത്രിയും ആഭ്യന്തമന്ത്രിയുടെ ജെഎന്‍യുവിലേക്ക് പോകുകയും യുവാക്കളോട് സംസാരിക്കുകയും ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ ദീപിക പദുക്കോണിനെ വിമര്‍ശിക്കുകയും അവര്‍ക്കെതിരെ പ്രചാരണങ്ങള്‍ നടത്തുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് ഖേര പറഞ്ഞു.

Read More: 'ആയമ്മ' ജെഎന്‍യുവിലെത്തിയത് സിനിമയുടെ പ്രമോഷന്; ദീപികയ്‍ക്കെതിരെ സന്ദീപ് ജി വാര്യര്‍

ഇന്നലെ ജെഎന്‍യു ക്യാമ്പസില്‍ സമരം നടക്കുന്ന സബ‍ര്‍മതി ധാബയിലെത്തിയ ദീപിക പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ശേഷം വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ച ശേഷമാണ് മടങ്ങിയത്.

എന്നാല്‍ ജെഎൻയു സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ദീപികയെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്തെത്തിയിരുന്നു. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് പരിഹാസം. ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യവുമുണ്ടെന്ന് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.