തീർത്തും ജനാധിപത്യ വിരുദ്ധമായാണ് പാർലമെൻ്റ് സമ്മേളനത്തിൽ സർക്കാർ ബില്ലുകൾ പാസാക്കിയതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർരഞ്ജൻ ചൗധരി ആരോപിച്ചു.
ദില്ലി: പാർലമെൻ്റ സമ്മേളനത്തിൽ (winter Session of Parliament) സർക്കാർ തീർത്തും ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തിന് സംസാരിക്കാൻ പോലും അവസരം നൽകാതെ സർക്കാർ ബില്ലുകൾ പാസ്സാക്കിയെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെ.
അംഗങ്ങളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ നടപടി പിൻവലിക്കാനായി ഖേദം പ്രകടിപ്പിക്കാമെന്ന് പ്രതിപക്ഷനേതാവ് തന്നെ സർക്കാരിനെ അറിയിച്ചെങ്കിലും ഒരോ അംഗങ്ങളും സഭക്കുള്ളിൽ ഖേദം പ്രകടിപ്പിക്കണമെന്ന് സർക്കാർ വാശി പിടിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
തീർത്തും ജനാധിപത്യ വിരുദ്ധമായാണ് പാർലമെൻ്റ് സമ്മേളനത്തിൽ സർക്കാർ ബില്ലുകൾ പാസാക്കിയതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർരഞ്ജൻ ചൗധരി ആരോപിച്ചു. ലഖിംപൂർ ഖേരി വിഷയം ഉയർത്താൻ ശ്രമിച്ചപ്പോൾ മൈക്ക് ഓഫാക്കി പ്രതിപക്ഷത്തെ വിലക്കുന്ന സ്ഥിതിയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം അവസാനിച്ചെങ്കിലും ബജറ്റ് സമ്മേളനത്തിൽ കർഷക പ്രശ്നം അടക്കം ഉയർത്തി പ്രതിഷേധം തുടരുമെന്നും അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.
