ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോൺഗ്രസ്. പാകിസ്ഥാൻ പിടിയിലായ വൈമാനികന്‍റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുന്പോൾ മോദിക്ക് അധികാരത്തിൽ തിരിച്ചെത്താനുള്ള തിടുക്കമാണെന്ന് കോൺഗ്രസ് വിമര്‍ശിച്ചു. വൈമാനികനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും വിങ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ  അവസ്ഥ സർക്കാർ ഇന്ന് ജനങ്ങളെ അറിയിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞു. 

വൈമാനികന്‍റെ  തിരിച്ചു വരവിന് വേണ്ടിയാണ് 132 കോടി ജനങ്ങളും പ്രാർത്ഥിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് പക്ഷേ അധികാരത്തിൽ തിരിച്ചെത്താനുള്ള തിടുക്കമാണെന്നുമാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർ ജേവാല ആരോപിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിൽ നിര്‍ണ്ണായക പ്രവർത്തക സമിതി യോഗവും റാലിയും റദ്ദാക്കാൻ കോൺഗ്രസ് തയ്യാറായി. എന്നാൽ പ്രധാനമന്ത്രി ബി.ജെ.പി പ്രവർത്തകരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നുവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല ആരോപിച്ചു