ബംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കെപിജെപി അംഗം ആര്‍ ശങ്കറിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് സ്പീക്കറോട് ശുപാര്‍ശ ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച എംഎല്‍എ ആണ് ശങ്കര്‍. 

രണബെന്നൂര്‍ എംഎല്‍എയായ ആര്‍ ശങ്കര്‍ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പലതവണ മുന്നണി മാറിയ വ്യക്തിയാണ്. ആദ്യം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച ശങ്കര്‍ പിന്നീട് ബിജെപിക്കൊപ്പം പോയി. തുടര്‍ന്ന് മന്ത്രിപദം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ അദ്ദേഹത്തെ ഭരണപക്ഷത്തേക്ക് തിരികെയെത്തിച്ചത്. ശങ്കറിന്‍റെ പാര്‍ട്ടിയായ കെപിജെപി കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു. പിന്നാലെ ശങ്കര്‍ പരിസ്ഥിതിവകുപ്പ് മന്ത്രിയായി. എന്നാല്‍, ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ രാജി വച്ചതോടെ ശങ്കര്‍ മന്ത്രിപദവി ഉപേക്ഷിച്ച് വീണ്ടും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 

അതേസമയം, ശങ്കറിന്‍റെ തീരുമാനം പാര്‍ട്ടിയുടേതല്ലെന്ന് കെപിജെപി നേതാക്കള്‍ സ്പീക്കറെ അറിയിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെയായിരുന്നു ശങ്കറിന്‍റെ നീക്കങ്ങള്‍. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞതായാണ് വിവരം. 

രാജിവച്ച ഒമ്പത് വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്‍റെ പതിമൂന്നും ജെഡിഎസിന്‍റെ മൂന്നും എംഎല്‍എമാരാണ് ഇതിനോടകം രാജിവച്ചത്. സ്വതന്ത്ര അംഗമായ നാഗേഷും മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ആര്‍ ശങ്കറിനൊപ്പം നാഗേഷും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.