ദില്ലി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയപ്പോള്‍ തന്നെ തോല്‍വി സമ്മതിച്ച് ട്വീറ്റുമായി എത്തിയിരിക്കുകയാണ് ദില്ലിയിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വികാസ് പുരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകേഷ് ശര്‍മയാണ് വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂര‍് പിന്നിട്ടപ്പോള്‍ തന്നെ തോല്‍വി സമ്മതിച്ച് ട്വീറ്റുമായി എത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നന്ദിയറിയിച്ചും, പോരാട്ടം ഇനിയും തുടരുമെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസിന്‍റെ തകര്‍ച്ച പൂര്‍ണമായെന്ന സൂചനകളാണ് വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതല്‍ക്കു തന്നെ ഉണ്ടാകുന്നത്. ദില്ലിയില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണെന്നാണ് ഫല സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്.

അന്‍പതിലധികം സീറ്റുകളില്‍ ലീഡ് നേടി ആംആദ്മി പാര്‍ട്ടി വിജയത്തിലേക്ക് കുതിക്കുമ്പോള്‍ നില മെച്ചപ്പെടുത്തിയ ബിജെപി പതിനഞ്ചിലധികം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. എന്നാല്‍ ഒരുകാലത്ത സംസ്ഥാനത്തെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് ഒരു സീറ്റുപോലും നേടിയിട്ടില്ല.