മുംബൈ സ്ഫോടന കേസിലെ ഇരകളോട് കോണ്‍ഗ്രസ് നീതി കാണിച്ചില്ലെന്ന് മോദി.  രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ മോശം അവസ്ഥക്ക് കാരണം കോണ്‍ഗ്രസാണെന്നും മോദി പറഞ്ഞു.

മുംബൈ: കോണ്‍ഗ്രസിനെയും എന്‍സിപിയെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993 -ലെ മുംബൈ സ്ഫോടനത്തില്‍ ഇരകളായവരോട് കോണ്‍ഗ്രസ് നീതി കാണിച്ചില്ലെന്ന് മോദി പറഞ്ഞു. മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്സില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുംബൈയും രാജ്യവും 1993 -ലെ ബോംബ് സ്ഫോടനക്കേസ് ഒരിക്കലും മറക്കില്ല. അതില്‍ ഇരകളായവരോട് അന്നത്തെ സര്‍ക്കാര്‍ ഒരു നീതിയും കാണിച്ചില്ല. കുറ്റവാളികള്‍ രക്ഷപ്പെട്ടു. അതിന്‍റെ കാരണം ഇപ്പോഴാണ് മനസ്സിലാകുന്നത്'- മോദി പറഞ്ഞു. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പ്രോജക്ട്, മുംബൈ മെട്രോ പ്രോജക്ട് എന്നിവ വൈകിപ്പിക്കുന്നതിനെയും മോദി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ സമ്പദ്‍‍വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച മോദി അത് ചെയ്തവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണെന്നും പറഞ്ഞു. 

കോണ്‍ഗ്രസ് അംബേദ്കര്‍ക്ക് ഭാരത്‍രത്ന നിഷേധിച്ചെന്നും ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവര്‍ക്കറെ അപമാനിച്ചെന്നും മോദി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ അകോലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. അതേസമയം സവർക്കർക്ക് ഭാരത്‍രത്ന പുരസ്കാരം നൽകാനായി ശുപാർശ ചെയ്യുമെന്ന ബിജെപിയുടെ മഹാരാഷ്ട്രയിലെ പ്രകടന പത്രികയിലെ വാഗ്ദാനം വിവാദമായിരുന്നു.