ശശി തരൂർ അടക്കമുള്ള നേതാക്കൾ സുനിൽ ശർമയുടെ സ്ഥാനാർഥിത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, വിവാദ പ്ലാറ്റ്‌ഫോമുമായി തനിക്ക് ബന്ധമില്ലെന്ന് സുനിർ ശർമ പറഞ്ഞിരുന്നു.
ജയ്പൂർ: കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ, ജയ്പൂർ ലോക്‌സഭാ സീറ്റിൽ സുനിൽ ശർമയെ ഒഴിവാക്കി കോൺഗ്രസ്. സുനിൽ ശർമയെ മാറ്റി മുൻ മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിനെ ജയ്പൂരിൽ നിന്ന് പാർട്ടിയുടെ പുതിയ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഗാന്ധി കുടുംബത്തെ നിരന്തരമായി വിമർശിക്കുകയും വർഗീത പരാമർശം നടത്തുന്നതുമായ ദി ജയ്പുർ ഡയലോഗ്സുമായി സുനിൽ ശർമക്ക് ബന്ധമുണ്ടെന്നായിരുന്നു വിമർശനം.
ശശി തരൂർ അടക്കമുള്ള നേതാക്കൾ സുനിൽ ശർമയുടെ സ്ഥാനാർഥിത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, വിവാദ പ്ലാറ്റ്‌ഫോമുമായി തനിക്ക് ബന്ധമില്ലെന്ന് സുനിർ ശർമ പറഞ്ഞിരുന്നു. പാർട്ടി പ്രവർത്തകരടക്കം അദ്ദേഹത്തെ ജയ്പൂരിൽ നിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് പ്രതാപ് സിംഗ് ഖചാരിയവാസിന് നറുക്ക് വീണത്.
കഴിഞ്ഞ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് സുനിൽ ശർമ ഉൾപ്പെട്ടത്. അതേസമയം, ആദായ നികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും, സ്ഥാനാർത്ഥികളും പണം കണ്ടെത്തേണ്ടി വരും. അക്കൗണ്ടുകൾ മരവിച്ചതോടെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനുളള എഐസി സി വിഹിതത്തിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
Read More.... പ്രതിപക്ഷത്തെ ഉന്നമിട്ട് അന്വേഷണ ഏജൻസികളുടെ റെയ്ഡ്, ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ
കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ്. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനാണ് നീക്കം.
