Asianet News MalayalamAsianet News Malayalam

സ്ഥാപകദിനത്തിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ്, 'മോദി പറയുന്നത് പച്ചക്കള്ള'മെന്ന് രാഹുൽ

ദില്ലിയിൽ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. രാജ്യവ്യാപകമായി സ്ഥാപക ദിനത്തിൽ 'ഭരണഘടനാ സംരക്ഷണറാലി' നടത്തുകയാണ് കോൺഗ്രസ്. 

congress foundation day party plans protests against nda government on caa protests
Author
New Delhi, First Published Dec 28, 2019, 11:08 AM IST

ദില്ലി: കോൺഗ്രസിന്‍റെ 135-ാമത് സ്ഥാപകദിനത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒപ്പം നിർത്തി പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. കേരളത്തിൽ നിന്ന് വിഭിന്നമായി, പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നയിക്കാൻ പ്രതിപക്ഷ ഐക്യം വേണമെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡുള്ളത്. രാജ്യത്ത് തടങ്കൽപ്പാളയങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വീണ്ടും പച്ചക്കള്ളം പറയുന്നതെന്തിനെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചു. 

''രാജ്യത്തെ ഓരോ പാവപ്പെട്ടവനോടും ഈ സർക്കാർ ചോദിക്കുകയാണ്, നിങ്ങളുടെ പൗരത്വം നിങ്ങൾ തന്നെ തെളിയിക്കണമെന്ന്. അതേസമയം, അവരുടെ ജീവിത നിലവാരം ഉയർത്താനുള്ള എന്തെങ്കിലും ഈ സർക്കാർ ചെയ്യുന്നുണ്ടോ? അതൊട്ടില്ല താനും. ഈ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവൻ ഇവിടത്തെ എണ്ണം പറഞ്ഞ ധനികരുടെ പോക്കറ്റിലേക്ക് കൊടുക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഇനി നുണയുടെ കാര്യം, ഈ രാജ്യത്ത് തടങ്കൽപ്പാളയങ്ങളില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുകയാണ് മോദി. അത് സത്യമാണോ? എന്‍റെ ട്വീറ്റ് നിങ്ങളെല്ലാവരും കണ്ടതല്ലേ? മോദിയുടെ പ്രസംഗവും, അസമിൽ നിന്ന് പകർത്തിയ ബിബിസിയുടെ വീഡിയോയും നിങ്ങൾ കണ്ടതല്ലേ? ഇത് കണ്ടാലറിയാമല്ലോ, മോദി ആവർത്തിച്ച് കള്ളം പറയുകയാണെന്ന്'', സ്ഥാപകദിന പരിപാടികൾക്കെത്തിയ രാഹുൽ ചോദിച്ചു.

ദേശവ്യാപകമായി പൗരത്വ റജിസ്റ്റർ കൊണ്ടുവരുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നീട് അമിത് ഷായും പറഞ്ഞത് നുണയെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്‍റണിയും പറഞ്ഞു. ''രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് പറയുന്നുണ്ട്. നമ്മുടെ പാർലമെന്‍ററി ജനാധിപത്യ രീതിയനുസരിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത് കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തിട്ടാണ്. അതിനാൽത്തന്നെ കേന്ദ്രമന്ത്രിസഭയിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. പിന്നീട്, വിദ്യാർത്ഥികളുടെ ഇടയിൽ നിന്നടക്കം വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇത് മറച്ചു വയ്ക്കാൻ നുണ പറയുകയാണ് മോദിയും അമിത് ഷായും, അങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്'', എ കെ ആന്‍റണി പറഞ്ഞു. രാജ്യത്തെ യുവത്വം തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതിനെ തടഞ്ഞു നിർത്താൻ പൊലീസ് നടപടി കൊണ്ട് കേന്ദ്രസർക്കാരിന് കഴിയില്ല. ജനരോഷമാണ് തെരുവുകളിൽ പ്രതിഫലിച്ചതെന്നും എ കെ ആന്‍റണി പറഞ്ഞു.

പൗരത്വ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് സ്ഥാപകദിനത്തിൽ രാജ്യവ്യാപകറാലികളാണ് നടത്തുന്നത്. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി രാജ്യവ്യാപക റാലി സംഘടിപ്പിക്കും. സംസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളിലാകും റാലി. ദില്ലിയിൽ സോണിയ ഗാന്ധിയും അസമിൽ രാഹുല്‍ ഗാന്ധിയുമാണ് റാലിക്ക് നേതൃത്വം നൽകുന്നത്. 

രാവിലെ ഒമ്പതരയ്ക്ക് ദില്ലി എഐസിസി ആസ്ഥാനത്ത്  അധ്യക്ഷ സോണിയ ഗാന്ധിയാണ് പാർട്ടി പതാക ഉയർത്തിയത്. ചടങ്ങിൽ മുതിർന്ന നേതാക്കളും പങ്കെടുത്തു. 

പിസിസി അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ 'സേവ് ഇന്ത്യ, സേവ് കോണ്‍സ്റ്റിറ്റ്യൂഷൻ' എന്ന മുദ്രാവാക്യവുമായി മാർച്ച് നടത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. തുടർന്ന് ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളിൽ ഭരണഘടനയുടെ ആമുഖം വായിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

പരിപാടിയ്ക്ക് എത്തിയ കോൺഗ്രസ് നേതാക്കൾക്കെല്ലാം ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിച്ച് വേണം പൗരത്വ നിയമഭേദഗതിയിൽ കേന്ദ്രസർക്കാരിനെതിരെ മുന്നോട്ടുപോകാൻ എന്ന നിലപാടായിരുന്നു. എന്നാൽ, സംസ്ഥാനതലത്തിൽ ഇപ്പോഴും പൗരത്വ നിയമഭേദഗതിയിൽ എങ്ങനെ പ്രതിഷേധം നടത്തണമെന്നതിൽ കെപിസിസിയിൽ സമവായമില്ല. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വിളിച്ച സർവകക്ഷിയോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ലെന്ന് ഉറപ്പായി. പകരം പാർട്ടി പ്രതിനിധിയെന്ന നിലയിൽ കൊടിക്കുന്നിൽ സുരേഷാണ് യോഗത്തിന് എത്തുക. ഇടതുപക്ഷവുമായി യോജിച്ചുള്ള ഒരു പ്രക്ഷോഭത്തിന് മുല്ലപ്പള്ളിയ്ക്ക് തീരെ താത്പര്യമില്ലെന്ന സൂചനകൾ തന്നെയാണ് പുറത്തു വരുന്നതും. 

Follow Us:
Download App:
  • android
  • ios