1990 കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കീഴിൽ കോൺഗ്രസ് ചില നയങ്ങൾ രൂപപ്പെടുത്തിയിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ബിജെപി അധികാരത്തിൽ വന്നപ്പോൾ അവർ ആ നയങ്ങൾ പിന്തുടർന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ദില്ലി: ബിജെപിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടയിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷമായി മാറിയിട്ടുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിയെ എതിർക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും കൈകോർക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് തരൂർ ഇക്കാര്യം പറഞ്ഞത്. തന്റെ പരാമർശങ്ങൾ ബോധ്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും ചില വിടവുകൾ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപരമായ ക്രമീകരണങ്ങൾ പാർട്ടിയിലുണ്ടായിട്ടുണ്ട്. എന്നാൽ, ചില വഴികളിൽ, എന്റെ പാർട്ടി മുമ്പത്തേക്കാൾ വളരെയധികം ഇടതുപക്ഷ പാർട്ടിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'റാഡിക്കൽ സെൻട്രിസം: ഇന്ത്യയെക്കുറിച്ചുള്ള എന്റെ ദർശനം' എന്ന വിഷയത്തിൽ ജ്യോതി കൊമിറെഡ്ഡി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു തരൂർ.
ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്തെ പാർട്ടിയെ നോക്കുകയാണെങ്കിൽ, അവരുടെ സമീപനം കൂടുതൽ കേന്ദ്രീകൃതമായിരുന്നു. അന്ന് മുമ്പത്തെ ബിജെപി സർക്കാറിന്റെ ചില നയങ്ങൾ സ്വീകരിച്ചിരുന്നു. 1990 കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കീഴിൽ കോൺഗ്രസ് ചില നയങ്ങൾ രൂപപ്പെടുത്തിയിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ബിജെപി അധികാരത്തിൽ വന്നപ്പോൾ അവർ ആ നയങ്ങൾ പിന്തുടർന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
1991 നും 2009 നും ഇടയിൽ കോൺഗ്രസിൽ കേന്ദ്രീകൃത ഘട്ടം ഉണ്ടായിരുന്നു. അതിനുശേഷം അത് മാറാൻ തുടങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്, പ്രത്യയശാസ്ത്രപരമായോ അല്ലാതെയോ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇടതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്നത് ഇനി ചിന്തിക്കുന്നില്ലെന്നും തരൂർ പറഞ്ഞു. ആ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എനിക്ക് ചില അനുഭവങ്ങൾ ഉണ്ടായി. അതിനെക്കുറിച്ച് ഇപ്പോൾ പരസ്യമായി സംസാരിക്കാൻ ഞാൻ തയ്യാറല്ല. കോൺഗ്രസിൽ മാത്രമല്ല, രാജ്യത്തെ എല്ലാ പാർട്ടികളിലും ഉൾപ്പാർട്ടി ജനാധിപത്യം വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
