ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ 'പതിനാറാം നമ്പർ' പ്രയോഗം വലിയ ചർച്ചയായിരുന്നു. ഈ സംഖ്യ എന്താണെന്ന ആകാംക്ഷ നിലനിൽക്കെ, ഇത് 'എപ്സ്റ്റീൻ' ആണെന്ന സൂചനയുമായി കോൺഗ്രസ് രംഗത്തെത്തി. എന്നാൽ രാഹുൽ ഗാന്ധി ഇക്കാര്യം സ്ഥിരീകരിക്കാത്തതിനാൽ ആകാംക്ഷ തുടരുകയാണ്

ദില്ലി: ലോക്സഭയിൽ വനിതാ സംവരണബിൽ ചർച്ചയിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ 'പതിനാറാം നമ്പർ' പ്രയോഗത്തിൽ വലിയ ആകാംക്ഷയാണ് രാജ്യത്തുണ്ടായത്. തുടർച്ചയായി പലതവണയാണ് രാഹുൽ ഗാന്ധി സിക്സ്റ്റീൻ എന്ന് ലോക്സഭയിൽ പറഞ്ഞത്. 'സിക്സ്റ്റീൻ' നമ്പർ പ്രധാനമന്ത്രിയെ വലിയ തോതിൽ അലോസരപ്പെടുത്തുന്നു എന്നാണ് രാഹുൽ പറഞ്ഞത്. ഈ സംഖ്യ എന്തെന്ന് വൈകാതെ വ്യക്തമാകും എന്നും പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ലോക്സഭയിലെ പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ മോദിക്കെതിരായ രാഹുലിന്‍റെ 'സിക്സ്റ്റീൻ' പ്രയോഗം എന്താണെന്ന ചോദ്യം വലിയ തോതിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ രാജ്യം തേടിയ ചോദ്യത്തിൽ സൂചനയുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. മോദിയെ ഭയപ്പെടുത്ത ‘സിക്സ്റ്റീൻ’ എന്നതിലൂടെ രാഹുൽ ഗാന്ധി 'എപ്സ്റ്റീൻ' ആണ് ഉദ്ദേശിച്ചതെന്നാണ് എ ഐ സി സി എക്സ് അക്കൗണ്ടിലൂടെ സൂചന നൽകിയത്. എന്നാൽ രാഹുൽ ഗാന്ധി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആകാംക്ഷ തുടരും.

Add Asianetnews as a Preferred SourcegooglePreferred

ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

അതേസമയം കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത് വനിത സംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നുമടക്കം രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒ ബി സി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിന്‍റെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദം അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ജാതി സെൻസസ് കണക്കുകൾ ലോക്സഭയിലും രാജ്യസഭയിലെയും പ്രാതിനിധ്യം തീരുമാനിക്കാൻ ഉപയോഗിക്കുമോ എന്നാണ് ചോദ്യം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്. ആസമിലും ജമ്മുകശ്മീരിലും ഇതിനാണ് ശ്രമിച്ചത്. ഇത് രാജ്യവിരുദ്ധ നീക്കമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്നാക്ക ദളിത് വിഭാഗങ്ങളുടെ അവകാശം കവരുന്നതിനെ തടയുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒ ബി സി വിഭാഗം എവിടെയാണുള്ളത്. ഒ ബി സി, ദളിത് വിഭാഗക്കാർക്ക് രാഷ്ട്രീയ അധികാരം ഇല്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അതിനിടെ, 'മാജിക്കുകാരനും ബിസിനസുകാരനും' തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം എന്ന് രാഹുൽ പറഞ്ഞതോടെ 'മാജിക്കും ഭൂതവുമൊക്കെ' പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ ഉപദേശിക്കുകയായിരുന്നു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ശക്തിക്ക് പ്രധാനമന്ത്രിയുടെ എല്ലാ രഹസ്യവും അറിയാം. ഈ രഹസ്യം ഈ 'ശക്തി' ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ സ്പീക്കർ വിമർശനം ഉന്നയിച്ചു. പാർലമെൻറ് മര്യാദ പാലിക്കണം എന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷവും ഭരണ പക്ഷവും ഏറ്റുമുട്ടി. സ്ത്രീകൾക്ക് വേണ്ടി നില്ക്കുന്നു എന്ന് വരുത്താൻ നരേന്ദ്ര മോദി ശ്രമിക്കുന്നു. എന്തിനു വേണ്ടി ഇതു ചെയ്യുന്നു എന്ന് നിങ്ങളുടെ ഊഹത്തിന് വിടുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.