ബംഗളൂരു: ആടിയുലഞ്ഞ 14 മാസത്തിനൊടുവില്‍ കർണാടകത്തിലെ സഖ്യസർക്കാരിന് പതനം. അർധരാത്രിയിലെ നിയമപോരാട്ടത്തിൽ തുടങ്ങിയ നാടകത്തിന് തിരശീല വീഴുമ്പോള്‍ കോൺഗ്രസിനും ജെഡിഎസിനും നഷ്ടം മാത്രം മിച്ചം. കോൺഗ്രസിന്‍റെ ത്യാഗം വഴി കിട്ടിയ മുഖ്യമന്ത്രി കസേരയിൽ കുമാരസ്വാമി ഇരുന്നത്  ബി എസ് യെദിയൂരപ്പയുടെ വീഴ്ച കണ്ട നാടകത്തിന് ഒടുവിലാണ്. മറ്റൊരു നാടകത്തിന്‍റെ ക്ലൈമാക്സിൽ കുമാരസ്വാമി വീഴുമ്പോള്‍ യെദിയൂരപ്പ ചിരിക്കുന്നു. 

ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയമേറ്റുവാങ്ങിയാണ് കുമാരസ്വാമി സര്‍ക്കാരിന്‍റെ പതനം. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ പിന്തുണച്ചത് 99 പേര്‍ മാത്രമാണ്. 105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തതോടെ പതിനാല് മാസം മാത്രം നീണ്ടുനിന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപൊത്തുകയായിരുന്നു.

രാജിവച്ച് കുമാരസ്വാമി

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജിസമര്‍പ്പിച്ചു. പതിനാല് മാസം നീണ്ടുനിന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരാണ് ഇന്നത്തെ വിശ്വാസവോട്ടെടുപ്പില്‍ താഴെവീണത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്ത 204  എംഎല്‍എമാരില്‍ 99 പേര്‍ അനുകൂലിക്കുകയും 105 പേര്‍ എതിര്‍ക്കുകയും ചെയ്തതോടെയാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണത്. സഖ്യസര്‍ക്കാര്‍ വീഴാതിരിക്കാന്‍ ആവുന്നതെല്ലാം  കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ഒടുവില്‍ ബിജെപിക്ക് മുമ്പില്‍ അടിയറവ് പറഞ്ഞു. ഇന്ന് അഞ്ചരയോടെ വിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചെങ്കിലും വിശ്വാസവോട്ട് തേടുകയായിരുന്നു സര്‍ക്കാര്‍. 

ബിജെപിയുടെ പ്രതികരണം

കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി. ഉത്തരവാദിത്തം നിറവേറ്റുമെന്ന് മുരളീധര്‍ റാവു. കര്‍ണാടകത്തിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറിയാണ് റാവു. യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കുമെന്നും ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ്.

യെദ്യൂരപ്പയുടെ പ്രതികരണം

കുമാരസ്വാമി സര്‍ക്കാരിന്‍റെ പതനം ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കുമാരസ്വാമി സര്‍ക്കാരിന്‍റെ ദുര്‍ഭരണം കാരണം കര്‍ണാടകയിലെ ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. വികസനത്തിന്‍റെ പുതിയ യുഗം ആരംഭിക്കുകയാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഞാനവര്‍ക്ക് ഉറപ്പു നല്‍കുകയാണ്. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്. ചില തീരുമാനങ്ങള്‍ ഉടനെ തന്നെ ഞങ്ങളെടുക്കും - വിശ്വാസവോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ പറഞ്ഞു. 

കോണ്‍ഗ്രസിന്‍റെ പ്രതികരണം

പോരാട്ടം വിജയിച്ചില്ലെന്നും എന്നാല്‍ ബിജെപിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ്. എംഎല്‍എമാര്‍ ബിജെപിയുടെ കള്ള വാഗ്‍ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ പ്രതികരണം. വിമതരെ അയോഗ്യരാക്കാനുള്ള പരാതിയുമായി മുന്നോട്ടുപോകും.

കെസി വേണുഗോപാലിന്‍റെ പ്രതികരണം

രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കര്‍ണാടകത്തില്‍ ബിജെപി നടത്തിയതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാരും ഗവര്‍ണറും മഹരാഷ്ട്രാ സര്‍ക്കാരും ബിജെപി നേതൃത്വവും സംയുക്തമായി നടത്തിയ കുതിരക്കച്ചവടത്തിലൂടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ ഇപ്പോള്‍ വീഴ്ത്തിയത്.  സര്‍ക്കാരിനെ വീഴ്ത്താന്‍ കോടിക്കണക്കിന് കള്ളപ്പണമാണ് ബിജെപി ഒഴുകിയത്. പണത്തോടൊപ്പം മന്ത്രിസ്ഥാനമടക്കം അവര്‍ കൂറുമാറിയ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തു.  ഇതോടൊപ്പം ആദായനികുതി വകുപ്പ്, എന്‍ഫോഴ്സമെന്‍റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളേയും വിലപേശലിനും ബ്ലാക്ക് മെയിലിംഗിനുമായി ബിജെപിയും കേന്ദ്രസര്‍ക്കാരും ഉപയോഗപ്പെടുത്തിയെന്നും കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ചതെന്ത്

സംഭവ ബഹുലമായിരുന്നു 2018 ലെ ആദ്യ നാടകം . ആർക്കും ഭൂരിപക്ഷം ഇല്ലാത്ത തെരഞ്ഞെടുപ്പു ഫലമായിരുന്നു ആദ്യ രംഗം. ബിജെപി വലിയ ഒറ്റക്കക്ഷിയായതോടെ യെദിയൂരപ്പ മുഖ്യമന്ത്രി പദവി ഉറപ്പിച്ചിരിക്കുമ്പോളാണ് കോൺഗ്രസ്‌ അപ്രതീക്ഷിത തന്ത്രമിറക്കിയത്.  ബദ്ധവൈരികളായ ജെഡിഎസുമായി സഖ്യമെന്നതായിരുന്നു ആ തന്ത്രം. ഇതോടെ 120 സീറ്റ് ഇരുവർക്കും കൂടി. 

യെദിയൂരപ്പയെ ആണ് ഗവർണർ വാജുഭായ് വാല സർക്കാരുണ്ടാക്കാൻ ആദ്യം വിളിച്ചത്. മെയ്‌ 16 അർധരാത്രി കോൺഗ്രസ്‌ സുപ്രീം കോടതിയിലെത്തി. മെയ്‌ 19ന് വിശ്വാസവോട്ടെടുപ്പിന് നിൽക്കാതെ യെദിയൂരപ്പ രാജിവച്ചതോടെ കുമാരസ്വാമി അധികാരമേറ്റു. എന്നാല്‍ വിധാൻ സൗധയുടെ പടിയിൽ കണ്ട രംഗം ക്ലൈമാക്സ്‌ ആയിരുന്നില്ല. ബിജെപി പതിയെ പിൻവലിഞ്ഞെങ്കിലും സഖ്യത്തിലെ പൊട്ടിത്തെറികളിൽ നാടകം നീണ്ടു. 

ഒക്ടോബറിൽ ഏക ബിഎസ്പി മന്ത്രി രാജിവച്ചു. ഗൗഡ കുടുംബത്തോട് ഇഷ്ടക്കേടുള്ള സിദ്ധരാമയ്യ മറഞ്ഞും തെളിഞ്ഞും കുമാരസ്വാമിയോട് പൊരുതി. അനുയായികളായ എംഎൽഎമാർ സിദ്ധരാമയ്യക്ക് വേണ്ടി പരസ്യമായി വാദിച്ചു. കാളകൂടവിഷം കുടിച്ച പരമശിവന്‍റെ അവസ്ഥയിലാണ് താനെന്ന് പറഞ്ഞ് കുമാരസ്വാമി കരയുകയും രാജി ഭീഷണി മുഴക്കുകയും ചെയ്തു. 

കഴിഞ്ഞ ജനുവരിയിലാണ് വിമത നീക്കം പ്രകടമായത്. നാല് എംഎൽഎമാർ മുംബൈയിലെ രഹസ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ രമേഷ് ജർക്കിഹോളിയായിരുന്നു നീക്കങ്ങളുടെ കേന്ദ്രം. നിയമസഭാ കക്ഷിയോഗത്തിന് എംഎൽഎമാർ എത്താഞ്ഞതോടെ രണ്ടുപേരെ അയോഗ്യരാക്കാൻ കോൺഗ്രസ് ശുപാർശ നല്‍കി. പിന്നാലെ ജെഡിഎസ് എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന യെദിയൂരപ്പയുടെ ശബ്ദരേഖ കുമാരസ്വാമി പുറത്തുവിട്ടു. 

നാടകത്തിൽ ബിജെപിക്ക് മേൽ ഒരു ചുവടു വെച്ച് ലോക്‍സഭാ തെരഞ്ഞെടുപ്പു വരെ സഖ്യം നീങ്ങി. താഴെത്തട്ടിൽ അമ്പേ പരാജയമാണ് പരീക്ഷണമെന്ന് തെളിയുന്നത് അപ്പോഴാണ്. സഖ്യ സ്ഥാനാർത്ഥികൾക്കെതിരെ വിമതശല്യം രൂക്ഷമായി. സുമലതക്ക് വേണ്ടി ബിജെപിക്കൊപ്പം പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ കൊടി വീശി. ദേവഗൗഡയും വീരപ്പമൊയ്‌ലിയും വിമത നീക്കത്തിൽ തോറ്റു. 

പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി കർണാടകത്തിൽ കോൺഗ്രസ് ഏറ്റുവാങ്ങി. സർക്കാരിന്‍റെ അടിത്തറ ഇളകിത്തുടങ്ങിയ അവസാന രംഗം അവിടെ തുടങ്ങുകയായിരുന്നു. ഇതോടെ നേതൃമാറ്റത്തിന് വാദിക്കാൻ സിദ്ധരാമയ്യക്കും ബിജെപിക്കൊപ്പം പോകാൻ വിമതർക്കും കാരണമായി. പരസ്യമായി ഓപ്പറേഷൻ താമരക്ക് ഇല്ലെന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും അണിയറയിൽ നീക്കങ്ങൾ തകൃതിയായി നടക്കുകയായിരുന്നു. പാളയത്തിലെ പടയും ബിജെപി അടവും ചേർന്നപ്പോൾ 16 പേര്‍ രാജി പ്രഖ്യാപിച്ചു. രണ്ട് സ്വതന്ത്രരും പിന്തുണ പിൻവലിച്ചു. ഒടുവില്‍ അനുനയത്തിന്‍റെ വഴികളെല്ലാം അടഞ്ഞപ്പോൾ നാടകത്തിനു തിരശീല വീണു.