ഹൈദരാബാദ്: പ്രമുഖ നടിയും കോൺഗ്രസ് നേതാവുമായ വിജയശാന്തി ബിജെപിയിലേക്ക്. ഒക്ടോബർ എട്ടിന് മുൻപ് ഇവർ ബിജെപിയിൽ തിരികെ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുള്ള വിജയശാന്തിയുടെ തിരിച്ചുവരവ് ബിജെപി ഗുണം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ 15 മുതൽ 20 അസംബ്ലി സീറ്റുകളിൽ തങ്ങളുടെ പ്രധാന പ്രചാരകരിൽ ഒരാളായി വിജയശാന്തിയെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപിയിലെ പ്രധാന നേതാക്കൾ. 

കോൺഗ്രസ് നേതാക്കളിൽ, ആന്ധ്ര പ്രദേശ് മുൻ ഡപ്യൂട്ടി മുഖ്യമന്ത്രി ദാമോദർ രാജനരസിംഹ, മുൻ കേന്ദ്രമന്ത്രി സർവേ സത്യനാരായണ, മുൻ എംഎൽഎ കോമതി രാജഗോപാൽ റെഡ്ഡി, എന്നിവരെയും ബിജെപിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വാർത്തയുണ്ടായിരുന്നു. ദാമോദർ രാജനരസിംഹ, സർവേ സത്യനാരായണ  എന്നിവർ ഈ വാർത്ത തള്ളിയെങ്കിലും കോമതി ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായി വ്യക്തമാക്കി.