ദൽവാറിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് രാം കദം രം​ഗത്തെത്തി. എന്തുകൊണ്ടാണ് കോൺഗ്രസിനും അവരുടെ നേതാക്കൾക്കും കാവി നിറത്തോട് ഇത്രയധികം വെറുപ്പെന്ന് രാം കദം ചോദിച്ചു.

ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവി വസ്ത്രം ധരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ഹുസൈൻ ദൽവാർ. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കണമെങ്കിൽ ആദിത്യനാഥ് ആധുനിക രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങണമെന്നും ദൽവാർ പറഞ്ഞു. 2019ൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യുപി മുഖ്യമന്ത്രിയുടെ കാവി വസ്ത്രധാരണത്തെക്കുറിച്ച് വിമർശനമുന്നയിച്ചിരുന്നു. മുഖ്യമന്ത്രി യോഗിയുടെ വസ്ത്രം ധരിക്കുന്നുവെന്നാണ് അന്ന് പ്രിയങ്ക വിമർശിച്ചത്. ഹിന്ദുസ്ഥാനിലെ ധാർമ്മിക, ആത്മീയ പാരമ്പര്യത്തിൽപ്പെട്ട നിറമാണ് കാവിയെന്നും ഹിന്ദു മതത്തിൽ കോപത്തിനും അക്രമത്തിനും പ്രതികാരത്തിനും സ്ഥാനമില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

ദൽവാറിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് രാം കദം രം​ഗത്തെത്തി. എന്തുകൊണ്ടാണ് കോൺഗ്രസിനും അവരുടെ നേതാക്കൾക്കും കാവി നിറത്തോട് ഇത്രയധികം വെറുപ്പെന്ന് രാം കദം ചോദിച്ചു. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്കും അവരുടെ പാർട്ടിക്കും ഹിന്ദു മതത്തിന്റെ പവിത്രമായ നിറമായ കാവിയോട് ഇത്ര വെറുപ്പ്. കുങ്കുമം നമ്മുടെ പതാകയിലുള്ള നിറമാണ്. സന്യാസിമാരുടെയും വസ്ത്രധാരണം മാത്രമല്ല, ത്യാഗത്തിന്റെയും സേവനത്തിന്റെയും അറിവിന്റെയും വിശുദ്ധിയുടെയും ആത്മീയതയുടെയും പ്രതീകമാണ് കാവി നിറമെന്നും ബിജെപി നേതാവ് പറഞ്ഞു. കോൺഗ്രസ് നേതാവിന്റെ പ്രസ്താവന രാജ്യത്തെ കാവി വസ്ത്രം ധരിച്ച സന്യാസിമാരെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തർപ്ര​ദേശിൽ നിക്ഷേപം ആകർഷിക്കാനായി ബിസിനസ് ഉച്ചകോടി നടത്തുകയാണ് സർക്കാർ. യുപി ​ഗ്ലോബൽ ഇൻവെസ്റ്റർ സമ്മിറ്റ്-2023 എന്ന പേരിലാണ് ഉച്ചകോടി നടത്തുന്നത്. ഉച്ചകോടിക്ക് മുമ്പേ തന്നെ യുഎസ്, കാഡന നിക്ഷേപകരുമായി 19, 265 കോടിയുടെ പ​ദ്ധതി ഒപ്പുവെച്ചു. ഏകദേശം 40000 കോടിയുടെ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വ്യവസായത്തിനായി മുഴുവൻ പിന്തുണയും അടിസ്ഥാന സൗകര്യവും യുപി സർക്കാർ നൽകുമെന്നാണ് വാ​ഗ്ദാനം.