Asianet News MalayalamAsianet News Malayalam

'ഈ സമയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കൂ'; മോദിയോട് കോണ്‍ഗ്രസിന്‍റെ ആവശ്യം

ഓരോ ഇന്ത്യക്കാരനോടും പ്രധാനമന്ത്രി സംസാരിക്കേണ്ട സമയത്ത് അദ്ദേഹം ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനോജ് തിവാരി പറഞ്ഞു

congress leader manish tiwary criticize pm modi
Author
Delhi, First Published Feb 28, 2019, 5:56 PM IST

ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇത്രയും സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെതിരെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.

പ്രശ്നങ്ങള്‍ക്കിടെ മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണത്തോടെയാണ് ബിജെപി മോദി സംവാദത്തെ മുന്നോട്ട് വെച്ചത്. ഓരോ ഇന്ത്യക്കാരനോടും പ്രധാനമന്ത്രി സംസാരിക്കേണ്ട സമയത്ത് അദ്ദേഹം ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.

തങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയും പ്രവര്‍ത്തക സമിതിയോ​ഗം പോലും നിലവിലെ അവസ്ഥയിൽ മാറ്റി വച്ചു. പക്ഷേ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി റെക്കോഡ് ഇടാനാണ് ഈ സമയത്തും മോദിക്ക് തിടക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ ബിഎസ്പി നേതാവ് മായാവതിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിമര്‍ശിച്ചിരുന്നു.

അതേ സമയം പ്രതിപക്ഷസഖ്യത്തെ മഹാമായം ചേരലെന്നാണ് ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്. ബിജെപി നേതൃത്വത്തിൽ കരുത്തുറ്റ സര്‍ക്കാരുണ്ടായാലുളള നേട്ടം ജനത്തെ ബോധ്യപ്പെടുത്തണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചു.

പ്രതിപക്ഷ സഖ്യം എണ്ണയും വെള്ളവും ചേരും പോലെയാണെന്ന് ജനത്തിനറിയാമെന്നും ബിജെപി പ്രവർത്തകരുമായുള്ള മെ​ഗാസംവാദത്തിനിടെ മോദി പറഞ്ഞു. അധികാരത്തിൽ വരാനല്ല, നിലനില്‍പിന് വേണ്ടിയാണ് ചെറു പാര്‍ട്ടികളെ ചേര്‍ത്ത് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതെന്നും മോദി പരിഹസിച്ചു. 

Follow Us:
Download App:
  • android
  • ios