ദില്ലി: മുൻപ്രധാനമന്ത്രി മൻമോഹൻ സിം​ഗിന് 88-ാം പിറന്നാളാശംസകളുമായി കോൺ​ഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധി. അങ്ങയെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ആശംസാ വാചകങ്ങൾ. അദ്ദേഹത്തിന്റെ സത്യസന്ധതയും മാന്യതയും അർപ്പണമനോഭാവവവും പ്രശംസിച്ച രാഹുൽ ​ഗാന്ധി അദ്ദേഹത്തിന്റെ ഈ ​ഗുണങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു. 

'മന്‍മോഹന്‍ സിംഗിനെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയില്‍ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയും അര്‍പ്പണബോധവും, എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകളും മനോഹരമായ ഒരു വർഷവും ആശംസിക്കുന്നു.' രാഹുല്‍ ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍സിംഗ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു. 

'അര്‍പ്പണബോധമുള്ള നേതാവിന്റെ ലക്ഷ്യം സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ്. അത്തരം തിന്മകളെ രാജ്യത്ത് നിന്ന് മായ്ച്ചുകളയുക എന്നതാണ് നേതാവിന്റെ പ്രധാനലക്ഷ്യം. ഓരോ ഇന്ത്യന്‍ പൗരന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ അര്‍പ്പണബോധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുന്നു.' കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.