ഹിന്ദുത്വ ചെയ്യുന്നതെന്താണ് എന്ന് അറിയാന്‍ നൈനിറ്റാളിലെ തന്‍റെ വീടിന് മുന്നിലെ കത്തിയമര്‍ന്ന വാതില്‍ കണ്ടാല്‍ മതിയാകുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് 

ഹിന്ദുവിസവും(Hinduism) ഹിന്ദുത്വയും(Hindutva) രണ്ടാണെന്ന വാദവുമായി വീണ്ടും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് (Salman Khurshid). ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയുള്ള അയോധ്യയെക്കുറിച്ചുള്ള 'സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്'(Sunrise Over Ayodhya: Nationhood in Our Times)എന്ന തന്റെ പുസ്തകം പുറത്തിറങ്ങിയതിനെ പിന്നാലെയുണ്ടായ സംഭവങ്ങളെ സാക്ഷിയാക്കിയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ വാദം.

ഹിന്ദുത്വ ചെയ്യുന്നതെന്താണ് എന്ന് അറിയാന്‍ നൈനിറ്റാളിലെ തന്‍റെ വീടിന് മുന്നിലെ കത്തിയമര്‍ന്ന വാതില്‍ കണ്ടാല്‍ മതിയാകുമെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇന്ത്യ ടുഡേയ്ക്ക നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കത്തിയമര്‍ന്ന ആ വാതിലാണ് ഞാന്‍ പറഞ്ഞതിന്‍റെ സാക്ഷ്യമെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ഫോണിലൂടെയുള്ള അസഭ്യം പറയലിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള അക്രമണത്തിനും പുറമേ വീട്ടിലെത്തി ആക്രമിക്കാനും ഹിന്ദുത്വ തയ്യാറായിയെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് വിശദമാക്കുന്നത്. വര്‍ഷങ്ങളായി അക്രമത്തില്‍ ഏര്‍പ്പെട്ട തീവ്രവാദ സംഘടനകളുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് താരതമ്യം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. അവര്‍ ഒന്നാണെന്ന് അല്ല താന്‍ പറഞ്ഞതെന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ക്കുന്നു.

മുസ്ലിം വിഭാഗത്തിലെ ജിഹാദിസ്റ്റുകളേക്കുറിച്ച് തനിക്ക് പറയാമെങ്കില്‍ എന്തുകൊണ്ടാണ് മറ്റൊരു മതത്തെ ദുരുപയോഗം ചെയ്യുന്നതിനേക്കുറിച്ച് പറയാന്‍ വിലക്കുന്നത്. ഒരുഭാഗത്ത് തെരഞ്ഞെടുപ്പ് വരുന്നത് മൂലം ഹിന്ദുത്വയ്ക്ക് കീഴടങ്ങാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് നിലപാട് വ്യക്തമാക്കി. തന്‍റെ നേതൃത്വം ഹിന്ദുവിസവും ഹിന്ദുത്വയും രണ്ടാണെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പുസ്തകത്തില്‍ ഹിന്ദുത്വയെ ഇസ്ലാമിക ഭീകരവാദവുമായി താരതമ്യപ്പെടുത്തിയതിന് പിന്നാലെ സല്‍മാന്‍ ഖുര്‍ഷിദിന്‍റെ നൈനിതാളിലെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ബിജെപിയും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഹുന്ദുവിസവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി സല്‍മാന്‍ ഖുര്‍ഷിദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ അയോധ്യവുമായി ബന്ധപ്പെട്ട പുസ്തക വിവാദം കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കുന്നത്. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വം, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദുയിസത്തെയും അപ്രസക്തമാക്കിയെന്നാണ് പുസ്തകത്തിലെ പരാമർശം.