ചണ്ഡീഗഡ്: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരച്ചടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രിയുമായ സാധു സിം​ഗ് ധരംസോത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റും കിട്ടാത്ത സാഹചര്യത്തിലാണ് ബിജെപിക്കെതിരെ മന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്.

"ഞങ്ങള്‍ക്ക് മുൻപു ലഭിച്ചത് പൂജ്യം സീറ്റുകളായിരുന്നു. ഇന്ന് ലഭിച്ചതും പൂജ്യം സീറ്റു തന്നെ. അതുകൊണ്ട് ഇത് ഞങ്ങള്‍ക്ക് തിരിച്ചടിയല്ല, തിരിച്ചടി ബിജെപിക്കാണ്," സാധു സിം​ഗ് ധരംസോത് പറഞ്ഞു.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചിരുന്നില്ല. ഈ തെരഞ്ഞെടുപ്പിലും ഈ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരോട് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. വീണ്ടും അരവിന്ദ് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും.

കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തും പുറത്തും രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. ജനവിധി അംഗീകരിക്കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെ ദില്ലിയില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരുമെന്നായിരുന്നു വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലെ പറഞ്ഞത്. 

ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്റില്‍ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടായിരുന്നു രാഹുലിന്‍റെ അഭിനന്ദനം. ദില്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപിക്കും അരവിന്ദ് കെജ്രിവാളിനും എന്‍റെ അഭിനന്ദനവും ആശംസകളുമെന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.