ബൈക്കിലെത്തിയ അജ്ഞാത സംഘം രകേഷ് യാദവിന് നേരെ വെടിവയ്ക്കുകയായിരുന്നു..
പാറ്റ്ന: ബിഹാറില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വച്ച് വെടിവച്ചു കൊന്നു. രാകേഷ് യാദവിനെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. ഇന്ന് രാവിലെ 6.30 ഓടെ ഹാജിപുരയില്‍ വച്ചാണ് സംഭവം നടന്നത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് രാകേഷ് യാദവ്.
'' സിനിമാറോഡിലെ ജിമ്മിന് സമീപത്തുവച്ചാണ് രാകേഷ് യാദവിനെ വെടിവച്ചത്. അഞ്ച് തവണ വെടിയുതിര്‍ത്തതായാണ് പ്രാഥമിക നിഗമനം. രാകേഷ് യാദവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു. എല്ലാ ദിവസവും രാവിലെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സിനിമാ റോഡിലെ ജിമ്മിലേക്ക് നടന്നാണ് രാകേഷ് പോകാറുള്ളത്.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് സദര്‍ ആശുപത്രിയിലേക്കു വന്‍ ജനപ്രവാഹമാണ്. രാഷ്ട്രീയ കാരണങ്ങളാണു കൊലപാതകത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
