Asianet News MalayalamAsianet News Malayalam

'എന്തൊക്കെയോ സംഭവിക്കുന്നു'; വോട്ടിംഗ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്. അവരുടെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. 

congress leader Siddaramaiah doubts over EVM's
Author
Bengaluru, First Published Oct 22, 2019, 6:49 PM IST

ബെംഗലൂരു: വോട്ടിംഗ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഇത്ര മോശം ഭരണം നടത്തിയിട്ടും എങ്ങനെയാണ് അവര്‍(ബിജെപി) വിജയിക്കുന്നതെന്ന് അറിയില്ല. വോട്ടിംഗ് മെഷീന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോലാപൂര്‍-ഹൈദരാബാദ് റോഡിലൂടെ സഞ്ചരിച്ചു. റോഡെല്ലാം തകര്‍ന്നിരിക്കുകയാണ്. ബിജെപി നേതാവ് നിതിന്‍ ഗഡ്കരി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ അവസ്ഥ. എന്നിട്ടും അവര്‍ ജയിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്. അവരുടെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സിബിഐയെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ദുരുപയോഗം ചെയ്തത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്യുകയാണ്. 24ന് ഫലം വരും. ജനവിധി നമ്മള്‍ അംഗീകരിക്കണം. എന്ത് തരത്തിലുള്ള വിധിയാണ് അവര്‍ കുറിക്കുകയെന്നതിനെക്കുറിച്ച് അറിയില്ല. പ്രളയ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ യെദിയൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

വോട്ടിംഗ് മെഷീനില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഏറ്റവും വലിയ 'വിശ്വസ്തന്‍' വോട്ടിംഗ് മെഷീനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 
 

Follow Us:
Download App:
  • android
  • ios