പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവേ വോട്ടിംഗ് മെഷിനിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്. ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിംഗ് മെഷിനുകളെയും നിയന്ത്രിക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ആരോപിച്ചു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയിൽനിന്ന്​ നിയന്ത്രിക്കുന്നുവെങ്കിൽ ഇവിഎം മെഷിൻ നിയന്ത്രിക്കാനും സാധിക്കില്ലേയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

എന്നാൽ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി. സുപ്രീംകോടതി തള്ളിയ ആരോപണമാണെന്ന് ഇലക്ഷൻ കമ്മീഷൻ പ്രതികരിച്ചു. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഒടുവിലെ കണക്കുകളനുസരിച്ച്  104 മണ്ഡലങ്ങളിലാണ് മഹാസഖ്യം മുന്നേറുന്നത്. 128 സീറ്റുകളിൽ ജെഡിയു ഉൾപ്പെടുന്ന എൻഡിഎ കുതിക്കുകയാണ്.