Asianet News MalayalamAsianet News Malayalam

സിന്ധ്യയെ അനുകൂലിച്ച് കോൺഗ്രസിൽ കൂട്ടരാജി, എല്ലാത്തിനും മോദിയെ പഴിച്ച് രാഹുൽ

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തു വന്ന മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് കോൺഗ്രസിൽ കൂട്ടരാജി.

congress leaders submit resignation in madhya pradesh
Author
Delhi, First Published Mar 11, 2020, 12:18 PM IST

ദില്ലി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയിലും ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിച്ച് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തില്‍ തിരക്കിലാകുമ്പോള്‍ നിങ്ങള്‍ എണ്ണവിലയിലുണ്ടായ 35 % ഇടിവ് അറിഞ്ഞിട്ടുണ്ടാവില്ല. ക്രൂഡ് ഓയില്‍ വിലയില്‍ ഇത്ര ഇടിവുണ്ടായിട്ടും പെട്രോള്‍ വില 60 തില്‍ കുറക്കാന്‍ സാധിക്കില്ലേയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടതിന്‍റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിന് നിലവിലെ സ്ഥിതിയില്‍ ഭരണം നഷ്ടപ്പെട്ടേക്കും. നിലവില്‍ സിന്ധ്യയെ അനുകൂലിക്കുന്ന 22 എംഎല്‍എമാര്‍  ബിജെപി പാളയത്തിലേക്ക് എത്തുമെന്നാണ് വിവരം. 

അതിനിടെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തു വന്ന മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് കോൺഗ്രസിൽ കൂട്ടരാജി. ഗ്വാളിയോർ, ചമ്പാൽ മേഖലയിലുള്ള കോൺഗ്രസ് നേതാക്കൾ രാജി നൽകി. സിന്ധ്യയാണ് കോൺഗ്രസെന്നും സിന്ധ്യയില്ലെങ്കിൽ മധ്യപ്രദേശിൽ പാർട്ടിയില്ലെന്നും രാജിവച്ചവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഇന്ന് 12.30 യോടെ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭ സീറ്റ് സിന്ധ്യക്കായി മാറ്റിവെച്ചതായാണ് വിവരം. 22 എംഎല്‍മാരാണ് നിലവില്‍ സിന്ധ്യക്ക് ഒപ്പമുള്ളത്. രാജ കുടുംബാംഗമായ സിന്ധ്യക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് ഗ്വാളിയോര്‍മേഖല.  ഇവിടെ നിന്നുള്ള നേതാക്കളുടെ രാജി വലിയ തിരിച്ചടിയാകും കോണ്‍ഗ്രസിനുണ്ടാക്കുക. 

പാര്‍ട്ടിയോടിടഞ്ഞ സിന്ധ്യ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മന്ത്രിമാരുള്‍പ്പടെയുള്ള എംഎല്‍എമാരെ ഇന്നലെ രാത്രിബംഗലൂരുവിലെത്തിച്ചത്. ഒരാഴ്ച മുന്‍പ് ശ്രമം നടത്തിയെങ്കിലും ഏതാനും എംഎല്‍എമാര്‍ തിരികെ പോയിരുന്നു. 22 എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്‍റെ അംഗബലം 92 ആയി. കേവല ഭൂരിപക്ഷത്തിന് 104 സീറ്റ് വേണമെന്നിരിക്കേ സിന്ധ്യയുടെ നീക്കത്തിലൂടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി. 

Follow Us:
Download App:
  • android
  • ios