കോലാറിൽ സിദ്ധരാമയ്യക്ക് വിജയം ഉറപ്പില്ലെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള രൺദീപ് സിങ് സുർജെവാലെ ഇക്കാര്യം നിർദ്ദേശിച്ചത്. 

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ മത്സരിക്കേണ്ടെന്ന് കോൺ​ഗ്രസ് ഹൈക്കമാന്റ്. കോലാർ മണ്ഡലം സുരക്ഷിതമല്ലെന്ന നി​ഗമനത്തിലാണ് കോൺ​ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. മെെസൂരുവിലെ വരുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. 2018ൽ സിദ്ധരാമയ്യയുടെ മകൻ ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ വരുണയിൽ നിന്നാണ് ജനവിധി തേടിയത്. 

കോലാറിൽ സിദ്ധരാമയ്യക്ക് വിജയം ഉറപ്പില്ലെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള രൺദീപ് സിങ് സുർജെവാലെ ഇക്കാര്യം നിർദ്ദേശിച്ചത്. സിദ്ധരാമയ്യയോട് കോലാറിൽ മത്സരിക്കേണ്ടെന്നും പരാജയ സാധ്യതയുണ്ടെന്നും സർവ്വേയിലും വ്യക്തമാക്കിയിരുന്നു. പരിചയ സമ്പന്നനായ നേതാവ് കോലാറിൽ മത്സരിച്ച് പരാജയപ്പെടുമോ എന്നതാണ് കോൺ​ഗ്രസിന്റെ ഭയം. കോലാർ, ബദാമി, വരുണ, ചാമരാജ്പേട്ട് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി നേതാക്കൾ സിദ്ധരാമയ്യയെ കണ്ട് മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിന് ശേഷം മാത്രമായിരിക്കും സിദ്ധരാമയ്യ വരുണ സീറ്റിൽ നിന്ന് മത്സരിക്കുകയുള്ളൂ എന്നാണ് വിവരം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയായെന്നും ഹൈക്കമാന്‍റിന്‍റെ അനുമതി ലഭിച്ചാല്‍ തീരുമാനമാകുമെനന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എല്ലാ മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളായെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നും പറഞ്ഞിരുന്നു. അതേസമയം, കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിതര പാ‍ർട്ടികളുമായി നീക്കുപോക്ക് ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തി എസ്‍ഡിപിഐ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്ക് അനുകൂലമായി വോട്ട് വിഭജനം നടക്കാതിരിക്കാൻ മത്സരിക്കരുതെന്ന് ബിജെപി ഇതരപാർട്ടികൾ ആവശ്യപ്പെട്ടതായി കർണാടക എസ്‍ഡിപിഐ പ്രസിഡന്‍റ് മജീദ് കൊഡ്‍ലിപേട്ടെ പറഞ്ഞു. പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ ഷാഫി ബെല്ലാരെയെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയ പകപോക്കലിനെതിരായ പോരാട്ടമാണെന്നും മജീദ് പറഞ്ഞു.

ബിജെപിക്ക് അനുകൂലമായി വോട്ട് വിഭജനം നടക്കാതിരിക്കാൻ മത്സരിക്കരുതെന്ന് ബിജെപിയിതര പാ‍ർട്ടികൾ തങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ കോൺഗ്രസ് എസ്‍ഡിപിഐ വോട്ട് മൊത്തമായി കൊണ്ടുപോയി ചില്ലറയായി ബിജെപിക്ക് വിറ്റു. ഇത്തവണ ഒരു പാ‍ർട്ടിയുമായും നീക്കുപോക്കിനില്ല. പോപ്പുലർ ഫ്രണ്ട് നിരോധനം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നും മജീദ് പറഞ്ഞു. മതധ്രുവീകരണം ശക്തമായ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്‍ഡിപിഐ അടക്കമുള്ള പാർട്ടികളോട് അകലം പാലിക്കുമ്പോഴാണ് കർണാ‍ടക എസ്‍ഡിപിഐ പ്രസിഡന്‍റിന്‍റെ പുതിയ വെളിപ്പെടുത്തൽ.

ബിജെപി വിരുദ്ധ പക്ഷം പിടിക്കുന്ന പാർട്ടികളെ ഒന്നിച്ച് നിർത്തണമെന്ന് ഇത്തവണയും ആവശ്യമുയർന്നിട്ടും കോൺഗ്രസ് കേട്ടില്ലെന്ന് എസ്‍ഡിപിഐ ആരോപിക്കുന്നു. ഇത്തവണ 100 സീറ്റുകളിലാണ് എസ്‍ഡിപിഐ മത്സരിക്കുക. യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിനെ വധിച്ച കേസിലെ പ്രതിയായ എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാഫി ബെല്ലാരെയെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കുന്നത് പാ‍ർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണെന്നും മജീദ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് നിരോധനം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എസ്‍ഡിപിഐ പറയുന്നത്.