Asianet News MalayalamAsianet News Malayalam

കര്‍ണാടക - ഗോവ പ്രതിസന്ധി: ദില്ലിയിൽ കോൺഗ്രസ് യോഗം, സോണിയയും രാഹുലും പങ്കെടുക്കുന്നു

കര്‍ണാടകയിലും ഗോവയിലും നിലനിൽക്കുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ദില്ലിയിൽ നിര്‍ണ്ണായക യോഗം നടക്കുന്നത്. 

congress meeting at delhi to discuss karnataka Goa political crisis
Author
Delhi, First Published Jul 11, 2019, 10:45 AM IST

ദില്ലി: കര്‍ണാടക ഗോവ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ദില്ലിയിൽ കോൺഗ്രസിന്‍റെ നിര്‍ണ്ണായക യോഗം. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. ഭരണം പിടിക്കാനുള്ള ബിജെപി ഇടപെടൽ തികഞ്ഞ ജനാധിപത്യ ധ്വംസനമാണെന്ന് ആരോപിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തുടര്‍ നടപടികൾ ചര്‍ച്ച ചെയ്യാൻ നിര്‍ണ്ണായക യോഗം നടക്കുന്നത്.

രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമി രാജി വച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് യോഗം എന്നതും ശ്രദ്ധേയമാണ്. അതിനിടെ ഗോവയിൽ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരാണ് ഇന്നലെ ബിജെപിയിൽ ചേർന്നത്.ഇവരിന്ന് ദില്ലിയിൽ എത്തി അമിത്ഷായുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.  

ബിജെപി നീക്കത്തിനെതിരായ കോൺഗ്രസ് പ്രതിഷേധം ഇപ്പോൾ വിവിധ പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുക്കുന്ന സ്ഥിതിയാണ്. പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ധര്‍ണ നടക്കുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസും പാര്‍ലെന്‍റിൽ നൽകിയിട്ടുണ്ട്. ഇരു സഭകളിലും വിഷയം ഉയര്‍ത്തിക്കൊണ്ടു വരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. സുപ്രീം കോടതിയിലും കേസ് വരാനിരിക്കെയാണ് ദില്ലിയിലെ പ്രതിഷേധങ്ങളെന്നതും ശ്രദ്ധേയമാണ്. 

രാജി തീരുമാനം അംഗീകരിക്കാൻ സ്പീക്കര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ണാടകയിലെ വിമത എംഎൽഎമാര്‍ ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരാകുന്നത്. 

Follow Us:
Download App:
  • android
  • ios