ബ്ലേഡ് ഉപയോ​ഗിച്ച് സ്വന്തം വിരലിൽ മുറിവേൽപ്പിച്ച ശേഷമാണ് എംഎൽഎ തന്റെ രക്തംകൊണ്ട് പേപ്പറിൽ ബിജെപി ഭരണത്തിനെതിരായ മുദ്രാവാക്യങ്ങളെഴുതിയത്.

ദില്ലി: ബിജെപി സർക്കാരിനെതിരെ രക്തം കൊണ്ട് മുദ്രാവാക്യമെഴുതി അസമിലെ കോൺ​ഗ്രസ് എംഎൽഎ. ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അസമിലെ ബിജെപി സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു എംഎൽഎയുടെ പ്രതിഷേധം. അസമിലെ മരിയാനി നിയമസഭ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ രൂപ്ജ്യോതി കുർമിയാണ് രക്തം കൊണ്ടെഴുതി പ്രതിഷേധിച്ചത്.

ബ്ലേഡ് ഉപയോ​ഗിച്ച് സ്വന്തം വിരലിൽ മുറിവേൽപ്പിച്ച ശേഷം എംഎൽഎ തന്റെ രക്തംകൊണ്ട് പേപ്പറിൽ ബിജെപി ഭരണത്തിനെതിരായ മുദ്രാവാക്യങ്ങളെഴുതുകയായിരുന്നു. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ പേപ്പറിൽ എഴുതി ചുമരിൽ‌ പതിപ്പിക്കുന്നതിൽ ശ്രദ്ധനേടിയ കോൺ​ഗ്രസ് നേതാവാണ് രൂപ്ജ്യോതി കുർമി.

അസമിലെ നാ​ഗോൺ ചാച്ചർ പേപ്പർ മില്ലുകൾ, ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപ്പറേഷൻ ലിമിറ്റഡ്, ദിബ്രുഗഡിലെ ഹൽമാരി തേയില എസ്റ്റേറ്റ്, കരിംഗഞ്ചിലെ ഐലബാരി തേയില എസ്റ്റേറ്റ് എന്നിവ വിൽക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു രൂപ്ജ്യോതി സ്വന്തം രക്തംകൊണ്ട് പേപ്പറിൽ സർക്കാറിനെതിരായുള്ള മുദ്രാവാക്യങ്ങളെഴുതിയത്.

സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് രൂപ്ജ്യോതി കുർമി രക്തംകൊണ്ടെഴുതിയ പേപ്പറിൽ കുറിച്ചു. ജാതി, ഭൂമി എന്നിവയുടെ പേരിൽ അസമികളുടെ ബഹുമാനവും ഭാവിയും വിൽക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനങ്ങൾ വിൽക്കരുതെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു രൂപ്ജ്യോതി വിരലിൽ മുറിവേൽപ്പിച്ച് ആ ചോരക്കൊണ്ട് മുദ്യാവാക്യമെഴുതിയത്. ഇതിന് പിന്നാലെ സുരക്ഷാ ജീവനക്കാർ രൂപ്ജ്യോതിയെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയ്ക്കായി രൂപ്ജ്യോതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രൂപ്ജ്യോതിയുടെ പ്രവൃത്തിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രം​​ഗത്തെത്തിയത്. അസംബന്ധവും ബാലിശവുമായ പ്രവൃത്തി എന്നായിരുന്നു സ്പീക്കർ ഹിതേന്ദ്ര നാഥ് ​ഗോസ്വാമി പ്രതികരിച്ചത്. മൂന്ന് തവണ എംഎൽഎ ആയ താങ്കൾക്കെങ്ങനെ അസംബ്ലി ധര്‍മ്മികത അവ​ഗണിക്കാനായിയെന്നാണ് വിമര്‍ശനങ്ങളില്‍ പ്രധാനം. രൂപ്ജ്യോതിക്കെതിരെ കർശന നടപടിയെടുക്കുമെന്നും സ്പീക്കർ പറ‍‍‍ഞ്ഞു. അതേസമയം, മൂന്ന് മാസമായി ശമ്പളം കിട്ടാതെ പട്ടിണി കഴിയുന്ന തേയില എസ്റ്റേറ്റിലുൾപ്പടെയുള്ള തൊഴിലാളികൾക്കുവേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് രൂപ്ജ്യോതി പറഞ്ഞു.