ഭോപ്പാൽ: കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തതിന് പിന്നാലെ തലകുത്തി നിന്ന് എംഎല്‍എയുടെ പ്രതിഷേധം. മധ്യപ്രദേശിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എ ബാബുസിങ് ജന്‍ഡേല്‍ ആണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

അടല്‍ എക്‌സ്പ്രസ് വേക്കായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും പാര്‍ട്ടി പ്രവര്‍ത്തകരുമായി ഷിയോപൂരിലുളള കളക്ടറുടെ ഓഫീസിലെത്തിയതായിരുന്നു ബാബുസിങ്. അപേക്ഷയുമായി മണിക്കൂറുകൾ കാത്തിരുന്നുവെങ്കിലും കളക്ടളറെ കാണാൻ സാധിച്ചില്ല. 

പിന്നാലെ പ്രവര്‍ത്തകരോട് നിലത്തിരുന്ന് മുദ്രാവാക്യം വിളിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പിന്നീട് ഷര്‍ട്ട് ഊരിമാറ്റി എംഎല്‍എ തലകുത്തി നില്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ഷര്‍ട്ട് ഊരിമാറ്റിയ പ്രവര്‍ത്തകര്‍ തലകുത്തി നില്‍ക്കുന്ന എംഎല്‍എയ്ക്ക് ചുറ്റുമിരുന്ന് സര്‍ക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം, ആരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിട്ടില്ല.